വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിറയും പുത്തരിയും ആഘോഷിച്ചു. ക്ഷേത്രത്തിലെ വ്യാഘ്രപാദതറയിൽ സമർപ്പിച്ച കതിർകറ്റകൾ മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ വിശേഷാൽ പൂജ നടത്തി. തുടർന്ന് കറ്റകൾ ഓട്ടുരുളിയിലാക്കി മേൽശാന്തി ശിരസിലേറ്റി മണി കിലുക്കി വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി ശ്രീകോവിലിന് മുന്നിലുള്ള മണ്ഡപത്തിൽ എത്തിച്ചു. ആചാരപ്രകാരം വിശേഷാൽ പൂജകൾ നടത്തിയ ശേഷം വൈക്കത്തപ്പന്റെ ശ്രീകോവിലിലും ഉപദേവതമാരുടെ സങ്കേതങ്ങളിലും നിറപുത്തരി സമർപിച്ചു. കാർഷിക അഭിവൃദ്ധിക്കും കുടുംബ ഐശ്വര്യത്തിനും വേണ്ടി ഇല്ലം നിറ, വല്ലം നിറ മന്ത്രോച്ചാരണങ്ങളോടെ കർക്കിടക മാസത്തിലാണ് നിറയും പുത്തരിയും ആഘോഷിക്കുന്നത്. ആണ്ടു പിറപ്പിന്റെ മുന്നോടിയായി വിളഞ്ഞു നില്ക്കുന്ന കതിർ കറ്റകൾ കൊയ്‌തെടുത്തു വൈക്കത്തപ്പന് പൂജിച്ച് സമർപ്പിക്കുന്ന ചടങ്ങാണ് നിറപുത്തരി. ഇതോടൊപ്പം പുന്നെല്ലിന്റെ നിവേദ്യവും നടത്തി.