flood

കോട്ടയം: ഒരു വശത്ത് കൊവിഡ്, മറുവശത്ത് പ്രളയതാണ്ഡവം. ഇരുവശത്തും നിന്നുള്ള ആക്രമണത്തിൽ ജനങ്ങൾ വശംകെട്ടു. കൊവിഡ് പോസിറ്റീവ് ആയവരുടെ എണ്ണം 15ൽ എത്തിയതിന്റെ ആശ്വാസത്തിലായിരുന്നു ജില്ല. ഒരു ദിവസത്തെ ആയുസേ ഇതിന് ഉണ്ടായിരുന്നുള്ളൂ. പിറ്റേന്ന് 139 പേർക്ക് കൊവിഡ് സ്ഥിരീകരിച്ച് സംസ്ഥാനത്ത് പോസിറ്റീവ് കേസിൽ കോട്ടയം മൂന്നാം സ്ഥാനത്ത് എത്തിയതോടെ ജനങ്ങൾ ഞെട്ടി. കൊവിഡ് കണക്കിനെ ചൊല്ലി ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്. ഒറ്റദിവസത്തെ വലിയ വ്യത്യാസം കൂടിയായപ്പോൾ ആശയക്കുഴപ്പമേറി. സാമൂഹ്യവ്യാപനത്തിൽ മുന്നിലാണ് ജില്ല. ഇതുവരെ 1700 ഓളം പേർക്ക് രോഗം സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണവും 500 കടന്നു. പതിനായിരത്തോളം പേർ ക്വാറന്റയിനിലുണ്ട്. വെള്ളപ്പൊക്കമെത്തിയതോടെ ദുരിതാശ്വാസ ക്യാമ്പുകളും അന്തേവാസികളുടെ എണ്ണവും ക്രമാതീതമായി ഉയരുന്നതും കൊവിഡ് മാർഗനി‌ർദ്ദേശങ്ങൾ പൂർണമായി പാലിച്ച് ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതും കൊവിഡ് വ്യാപനം ശക്തമാക്കുമെന്ന ഭീതിയിലാണ് ജനങ്ങളും ആരോഗ്യ പ്രവർത്തകരും.

ക്യാമ്പുകൾ പ്രതിസന്ധിയിൽ

വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പുകൾ മിക്കതും പ്രവർത്തിച്ചിരുന്നത് പൊതുജനങ്ങളുടെയും വ്യാപാരി സമൂഹത്തിന്റെയും സഹായത്താലായിരുന്നു. കൊവിഡ് നിയന്ത്രണങ്ങൾ കച്ചവടത്തെ സാരമായി ബാധിച്ചതോടെ വ്യാപാരികൾക്ക് ക്യാമ്പുകളിൽ സഹായമെത്തിക്കാൻ കഴിയുന്നില്ല. കൊവിഡ് കാലത്ത് പൊതുഅടുക്കള തുറന്ന രാഷ്ട്രീയ കക്ഷികളും സന്നദ്ധ സംഘടനകളും വെള്ളപ്പൊക്ക ദുരിതാശ്വാസക്യാമ്പുകളിലേക്കു കൂടി കാര്യമായ സഹായമെത്തിക്കാൻ ബുദ്ധിമുട്ടുന്നു. പദ്ധതി വിഹിതം ഇല്ലാതെ കൊവിഡ് കാലത്ത് ഭക്ഷണശാലകൾ തുറന്ന് സാമ്പത്തിക പ്രതിസന്ധിയിലാണ് നഗരസഭകളും പഞ്ചായത്തു ഭരണസമിതികളും .ഇത് ക്യാമ്പുകളുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. 170ഓളം ക്യാമ്പുകളിലായി പതിനായിരത്തോളം പേർ ഇപ്പോഴുണ്ട്.

മുൻ വർഷത്തേക്കാൾ വെള്ളം

2018ലെ വെള്ളപ്പൊക്കം മലയാളമാസം 99ലെ വെള്ളപ്പൊക്കത്തെ കടത്തിവെട്ടിയെന്നു പറയുന്നവർ രണ്ട് ദിവസം കൊണ്ട് കോട്ടയത്തെ മിക്കപ്രദേശങ്ങളിലും അപകടകരമാം വിധം ജലനിരപ്പുയർന്നതും പല സ്ഥലങ്ങളും ഒറ്റപ്പെട്ടുപോയതും കണ്ട് രണ്ട് വർഷം മുമ്പത്തെ പ്രളയത്തെ കവച്ചുവയ്ക്കുമെന്ന് പറയുകയാണിപ്പോൾ.

കെ.എസ്.ഇ.ബിക്കും നഷ്‌ടം

വെള്ളപ്പൊക്കത്തിൽ പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നു. നിരവധി ട്രാൻസ് ഫോമറുകളും പ്രവർത്തനക്ഷമമല്ലാതായി. ലക്ഷങ്ങളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്ക് ഉണ്ടായത്.

കാർഷിക മേഖലയിലാണെങ്കിൽ ഇതിനകം 31 കോടിയുടെ നാശനഷ്ടമുണ്ടായി.

പൊതുഗതാഗതം നഷ്ടത്തിൽ

കൊവിഡ് കാരണം പൊതുഗതാഗതം വൻ നഷ്ടത്തിലാണ്. ബസുകളിൽ ആളില്ല. കുമരകം റോഡ്, ചങ്ങനാശേരി -ആലപ്പുഴ റോഡുകളിലൂടെ വാഹന ഗതാഗതം എന്നാരംഭിക്കുമെന്നു പറയാനാവാത്ത തരത്തിൽ റോഡുകൾ വെള്ളത്തിലാണ്.