ചങ്ങനാശേരി: സി.പി.എം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബിൾ ട്രസ്റ്റ് ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി ബോട്ട് ജെട്ടിയിൽ ഹെൽപ്പ് ഡെസ്‌ക് ആരംഭിച്ചു. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിൽ നിന്ന് ബോട്ടിലൂടെ ചങ്ങനാശേരി ബോട്ട് ജെട്ടിയിൽ എത്തിയ പ്രായമേറിയവർ, കുട്ടികൾ, രോഗബാധിതർ, സ്ത്രീകൾ എന്നിവർക്ക് വേണ്ട സഹായവുമായി പ്രവർത്തകർ 24 മണിക്കൂറും ബോട്ട് ജെട്ടിയിലുണ്ട്. അഭയത്തിന്റെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയിൽ എത്തുന്ന ദുരിതബാധിതർക്ക് ഭക്ഷണം, മാസ്‌ക്, സാനിറ്റൈസർ എന്നിവയും വിതരണം ചെയ്യുന്നുണ്ട്. ഹെൽപ്പ് ഡെസ്‌ക് ഉദ്ഘാടനം സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ.വി റസൽ നിർവഹിച്ചു. ഏരിയ സെക്രട്ടറി കെ.സി ജോസഫ്, അഭയം ചുമതലയുള്ള ടി.പി അജികുമാർ, ആർ.നൗഷാദ് എന്നിവർ നേതൃത്വം നൽകി.