അടിമാലി: ഒരുപാലത്തിന് അപ്രോച്ച് റോഡ് നിർമ്മിക്കാൻ എത്രനാൾ കാത്തിരിക്കണം.... ഉത്തരമുണ്ട്...ചിലപ്പോൾ ഒരു ദുരന്തംവരെ കാത്തിരിക്കേണ്ടിവരും. മൂന്നാർ പെരിയവരെ പാലത്തിന് അപ്രോച്ച് റോഡ് കൂടിയായാൽ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കാമായിരുന്നു. പക്ഷെ കാത്തിരിക്കേണ്ടി വന്നത് മൂന്നു വർഷമാണ. പക്ഷെ ഒരു ദിവസംമതി ഇതിനൊക്കെയെന്ന് കാലം തെളിയിച്ചു. പെട്ടിമുടിയിൽ ദുരന്തമുണ്ടായപ്പോൾ അത്വരെ ഫയലുകൾക്ക് മുകളിൽ അടയിരുന്നവർ ഉണർന്നു. ഏതാനും മണിക്കൂറുകൾക്കുള്ളിൽ മണ്ണും കല്ലും ഇട്ടാണെങ്കിലും അപ്രോച്ച് റോഡ് റെഡി. പാലത്തിൽ കൂടി വാഹനങ്ങൾ കയറിയിറങ്ങി. രക്ഷാപ്രവർത്തനവും ഉഷാറായി.
ഒന്നാം പ്രളയത്തിൽ പഴയ പാലം തകർന്നപ്പോൾ
താല്കാലികമായി ഒരു പാലം പൊതുമരാമത്ത് വകുപ്പ് പണിതു. പ്രളയം കഴിഞ്ഞ് രണ്ട് മാസം കാത്തിരിക്കേണ്ടി വന്നു താല്കാലിക പാലത്തിന് .എന്നാൽ രണ്ടാം പ്രളയത്തിന് മുൻപ് പാലം ഒലിച്ചുപോയി. വീണ്ടും ഒരു മാസമെടുത്ത് വീണ്ടും താല്കാലിക പാലം പണി നിർമ്മിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. എന്നാൽ രണ്ടാം പ്രളയത്തിൽ വീണ്ടും പാലം ഒലിച്ചുപോയി. വീണ്ടും പുന:നിർമ്മിച്ച താല്കാലിക പാലമാണ് ഈ പ്രളയത്തിൽ രണ്ട് ആഴ്ച മുൻപ് തകർന്നത്. അങ്ങനെ പൊതുമരമത്ത് വകുപ്പ് 2.5 കോടി മുടക്കിയത് വെള്ളത്തിൽ ഒലിച്ചുപോയി. ഒന്നാം പ്രളയത്തിൽ താല്കാലിക പാലത്തിനൊടൊപ്പം 5 കോടി രൂപ ചിലവിട്ട് പുതിയ പാലത്തിന്റെ പണി 2018 ൽ ആരംഭിച്ചു. എന്നാൽ സമയ ബന്ധിതമായി പാലം പണി പൂർത്തികരിക്കാൻ പരമാവധി ഒരു വർഷം മതി.എന്നാൽ ആവശ്യമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. ആറ് മാസം മുൻപ് പാലം പണി പൂർത്തികരിച്ചതാണ്. എന്നാൽ അപ്രോച്ച് റോഡ് പൂർത്തികരിക്കുന്ന പണി ബാക്കി വെച്ചു.കൊവിഡിന്റെ പേരിൽ പണികൾ നിർത്തിവെച്ചു.പെട്ടിമുടി ദുരന്ത സമയത്ത് താല്കാലികപാലം ഒലിച്ചുപോയി. തുടർന്ന് ജീവൻ രക്ഷിച്ച് കൊണ്ടുവരുന്നവരെ അക്കര കടത്താൻ പൊലും കഴിയാതെ മണിക്കൂറുകൾ കാത്തിരുന്നു. ജില്ലാ ഭരണകൂടവും ജനപ്രതിനിധികളും ഉണർന് പ്രവർത്തിച്ചു മൂന്നു മണിക്കൂർ കൊണ്ട് അപ്രോച്ച് റോഡ് താല്കാലികമായി റെഡി ആയി .പാലത്തിൽ കൂടി ആദ്യമായി പരിക്ക് പറ്റിയവരെയും കൊണ്ടുള്ള ആബൂലൻസ് കടന്നു പോയി.അങ്ങനെ മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം പെരിയവരെ പാലം ഗതാഗത യോഗ്യമാവുകയായിരുന്നു.യാഥാർത്ഥ്യമായി.