ബിരുദ പ്രവേശനം: സാക്ഷ്യപത്രങ്ങൾ അപ്‌ലോഡ് ചെയ്യണം

കോട്ടയം: ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ ഓൺലൈനായി അപേക്ഷിക്കുന്നവർ വിവിധ ആനുകൂല്യത്തിന് പ്രോസ്‌പെക്ടസിൽ നിഷ്‌കർഷിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്‌ലോഡ് ചെയ്യണം. എൻ.എസ്.എസ്., എൻ.സി.സി., വിമുക്തഭടൻ, ജവാൻ വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ അതിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. എസ്.ഇ.ബി.സി., ഒ.ബി.സി. വിഭാഗത്തിൽപ്പെട്ടവർ സംവരണ ആനുകൂല്യത്തിനായി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും എസ്.സി., എസ്.ടി. വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും അപ്‌ലോഡ് ചെയ്യണം. ഇ.ഡബ്ല്യു.എസ്. വിഭാഗത്തിൽ സംവരണം ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഇൻകം ആന്റ് അസറ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. എൻ.സി.സി.യുമായി ബന്ധപ്പെട്ട ബോണസ് മാർക്കിന് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ്, സ്റ്റുഡന്റ്‌സ് പൊലീസ് എന്നിവയിലെ പ്രവർത്തനത്തിന് ലഭിക്കുന്ന സാക്ഷ്യപത്രങ്ങൾ പരിഗണിക്കില്ല. വിമുക്തഭടൻ വിഭാഗത്തിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്ന് ലഭിക്കുന്ന സാക്ഷ്യപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് അപ്‌ലോഡ് ചെയ്യണം. ഈ ആനുകൂല്യം കരനാവികവ്യോമസേന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും സേനാംഗങ്ങളുടെ മക്കൾക്കും മാത്രമേ ലഭ്യമാകൂ.

തെറ്റുകൾ തിരുത്താം

ബിരുദപ്രവേശനത്തിന് ഏകജാലകത്തിലൂടെ രജിസ്റ്റർ ചെയ്യുമ്പോൾ ഒന്നിൽക്കൂടുതൽ അപേക്ഷ സമർപ്പിക്കരുത്. അപേക്ഷയിൽ തെറ്റുണ്ടെങ്കിൽ ആഗസ്റ്റ് 14 മുതൽ 17 വരെ തിരുത്താൻ അവസരമുണ്ട്. ഓപ്ഷനുകൾ പുനഃക്രമീകരിക്കുകയോ കൂട്ടച്ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യാനും സാധിക്കും. ഈ സൗകര്യം 22ന് ട്രയൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിനുശേഷം 24 വരെ ലഭ്യമാണ്. ഈ അവസരത്തിൽ അപേക്ഷകന്റെ പേര്, രജിസ്റ്റർ നമ്പർ, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ തിരുത്താൻ സാധിക്കില്ല. അതിനാൽ അപേക്ഷയിൽ തെറ്റുവരുത്തിയവർ രണ്ടാമതൊരു രജിസ്‌ട്രേഷൻ കൂടി നടത്തരുത്. പ്ലസ്ടു ബോർഡിന്റെ രജിസ്റ്റർ നമ്പർ നൽകിയാണ് അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടത്.

അലോട്ട്‌മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ എസ്.എം.എസ്. മുഖേന ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് സമയബന്ധിതമായി പ്രവർത്തിക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം. അപേക്ഷ നൽകുമ്പോൾ പ്രോസ്‌പെക്ടസ്, മറ്റ് നിർദ്ദേശങ്ങൾ, വെബ്‌സൈറ്റിൽ നൽകുന്ന വിവരങ്ങൾ എന്നിവ കൃത്യമായി വായിച്ചുനോക്കണം. രജിസ്‌ട്രേഷൻ ഫീസ് അടയ്ക്കുന്നത് പരാജയപ്പെടുന്നപക്ഷം അപേക്ഷകർക്ക് തങ്ങളുടെ അപേക്ഷയിലെ 'മൈ അക്കൗണ്ട്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന 'ചെക്ക് യുവർ പേയ്‌മെന്റ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് പണമടച്ചതിന്റെ തൽസ്ഥിതി മനസിലാക്കാം.