rain

കുമരകം: ശ്രീകുമാരമംഗലം ഹൈസ്‌കൂളിലെ കുട്ടികളുടെ കൂട്ടായ്മയായ ഹരിതസേനയുടെ നേതൃത്വത്തിൽ ഒരുക്കിയ കൃഷിയിടം വെള്ളം കയറി നശിച്ചു. അദ്ധ്യാപകരുടെ സഹകരണത്തോടെ ലോക്ക് ഡൗൺ കാലത്താണ് കൃഷിയൊരുക്കിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിൽ കൃഷി ഒരുക്കിയിരുന്നത്. കൊവിഡിനു ശേഷം എത്തുന്ന കുട്ടികൾക്ക് സൗജന്യമായി ഇവ നൽകുന്നതിന് വേണ്ടിയാണ് കൃഷിയൊരുക്കിയിരുന്നത്. 600 ചുവട് കപ്പയും, 180 ചുവട് ചേനയും, 50 കിലോ മഞ്ഞളും, 30 കിലോ ഇഞ്ചിയും, കൂർക്ക, ചേമ്പ്, മാങ്ങാഇഞ്ചി, കാച്ചിൽ, ചെറുകിഴങ്ങ്, പച്ചമുളക്, ചെറുപയർ, വൻപയർ എന്നിവയാണ് കൃഷി ചെയ്തിരുന്നത്. ജില്ലാ കൃഷി ഓഫിസർ സലോമി തോമസ്, ഏറ്റുമാനൂർ ബ്ലോക്ക് കൃഷി അസി.ഡയറക്ടർ റജിമോൾ തോമസ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു കൃഷി. സ്‌കൂൾ മാനേജർ അഡ്വ.വി.പി അശോകൻ , ദേവസ്വം സെക്രട്ടറി കെ.ഡി സലിമോൻ, ഹെഡ്മിസ്ട്രസ് കെ.എം ഇന്ദു , ഹരിത സേന കൺവീനർ കെ.ആർ വിജേഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.