വൈക്കം: മഴ കുറഞ്ഞെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ വൈക്കം മേഖലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ ഇന്നലെ രാത്രിയും ജലനിരപ്പുയരുകയാണ്. മൂവാറ്റുപുഴയാർ കരകവിഞ്ഞതും ജലനിരപ്പ് ഉയരാൻ കാരണമായി. കൃഷിയിടങ്ങളിലും വെള്ളം കയറി.
26 ദുരിതാശ്വാസ ക്യാമ്പുകളാണ് താലൂക്കിൽ തുറന്നിരിക്കുന്നത്. 754 പേർ ക്യാമ്പുകളിലുണ്ട്. കൊവിഡ് ഭീതി മൂലം ആളുകൾ ക്യാമ്പിൽ പോകാൻ മടിക്കുന്നതാണ് ക്യാമ്പുകളിൽ വലിയ തോതിൽ ആളുകളുണ്ടാവാത്തതിന് കാരണം. വെള്ളം കയറിയ പ്രദേശങ്ങളിലെ കുടുംബങ്ങളിൽ ഭൂരിപക്ഷവും ബന്ധുവീടുകളിലേക്കും മറ്റുമാണ് പോകുന്നത്. വെച്ചൂരിൽ 450 ഏക്കർ പാടശേഖരത്തിൽ മട വീഴ്ചയുണ്ടായി. തലയാഴത്ത് 550 ഹെക്ടർ പാടശേഖരത്ത് വെള്ളം കയറി. തലയോലപ്പറമ്പ്, മാവന്തുരുത്ത്, ഉദയനാപുരം, തലയാഴം, വെച്ചൂർ തുടങ്ങിയ പഞ്ചായത്തുകളിൽ കപ്പ, വാഴ, പച്ചക്കറി കൃഷികളും നാശം നേരിടുന്നു.