കോട്ടയം: പതിവുതെറ്റിക്കാതെ ഇക്കുറിയും കാലവർഷമെത്തി, ഒപ്പം വെള്ളപ്പൊക്കവും. അതുകൊണ്ടുതന്നെ കോട്ടയം കുറവിലങ്ങാട്ടെ സപ്ളൈകോയുടെ ഗോഡൗൺ കാഴ്ചയ്ക്കും ഇക്കുറി മാറ്റമുണ്ടായില്ല. വെള്ളപ്പൊക്കത്തിൽ ഭക്ഷ്യധാന്യങ്ങൾ നശിച്ചു. വർഷങ്ങളായി മാറ്റമില്ലാത്ത സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ വെള്ളം കയറി നശിച്ചത് 1700 ടൺ അരി. കൂടാതെ സപ്ലൈകോ വിതരണ കേന്ദ്രങ്ങളിൽ എത്തിക്കേണ്ട ടൺകണക്കിന് പയറും മറ്റ് ധാന്യങ്ങളും ഉപയോഗശൂന്യമായി. എം.സി റോഡിൽ കുറവിലങ്ങാട് പാറ്റാനി ജംഗ്ഷനിലാണ് ഗോഡൗൺ സ്ഥിതി ചെയ്യുന്നത്. പാടത്തിന് ചേർന്നാണ് ഗോഡൗൺ. ശക്തമായ മഴ പെയ്താൽ വെള്ളം നിറയുന്ന പ്രദേശമാണിവിടം. എല്ലാവർഷവും കാലവർഷമെത്തുമ്പോൾ വെള്ളം കയറി ധാന്യങ്ങൾ നശിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും അധികൃതർക്ക് അനക്കമില്ല. ഗോഡൗൺ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഇതുവരെ ഒരു നടപടിയുമുണ്ടായില്ല.
മഴ തുടങ്ങിയപ്പോൾതന്നെ നാട്ടുകാർ വെള്ളം കയറുന്നതിനെക്കുറിച്ച് അധികൃതരെ വിവരം അറിയിച്ചെങ്കിലും കുലുക്കമുണ്ടായില്ല. സമീപത്തെ സിമന്റ് വ്യാപാരികൾ ഉൾപ്പെടെ, ശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചപ്പോൾതന്നെ സാധനങ്ങൾ മാറ്റിയിരുന്നു. എന്നിട്ടും സപ്ലൈകോ ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മഴ ശക്തമായി പെയ്ത ആദ്യദിവസം തന്നെ ഗോഡൗണിൽ വെള്ളം കയറി. കഴിഞ്ഞ കാലവർഷക്കാലത്തും ഇവിടെ വെള്ളം കയറി ലക്ഷങ്ങളുടെ അരിയും മറ്റ് ഭക്ഷ്യധാന്യങ്ങളും നശിച്ചിരുന്നു. വെള്ളം ഇറങ്ങിയ ശേഷം നടത്തുന്ന പരിശോധനയിൽ ഇക്കുറി എത്ര ടൺ അരി നഷ്ടപ്പെട്ടുവെന്ന് കൃത്യമായി അറിയാം. വെള്ളം ഇറങ്ങാൻ താമസമെടുക്കുന്തോറും നശിക്കുന്ന ഭക്ഷ്യസാധനങ്ങളുടെ നഷ്ടവും കൂടും.