road

ഇരുചക്രവാഹനങ്ങൾക്ക് കെണിയായി കുഴികൾ

കോട്ടയം : കനത്തമഴയിൽ എം.സി റോഡ് തവിടുപൊടിയായത് അപകടങ്ങൾക്ക് കാരണമാകുന്നു. സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള റീച്ചിലാണ് റോഡ് വിവിധ സ്ഥലങ്ങളിൽ തകർന്നത്. റോ‌ഡിലെ വെള്ളക്കെട്ടിലും കുഴിയിലും വീണ് രണ്ടു ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. തെള്ളകം മാതാആശുപത്രിയ്‌ക്ക് മുന്നിലുണ്ടായ വലിയ വെള്ളക്കെട്ടിലെ കുഴിയിൽ വീണാണ് ബൈക്ക് യാത്രക്കാരന് ഇന്നലെ രാവിലെ പരിക്കേറ്റത്. റോഡരികിലെ ഓടകൾ മണ്ണ് കയറി പൂർണമായും അടഞ്ഞു. മണ്ണ് നിറഞ്ഞ ഓടയ്‌ക്കുള്ളിൽ പുല്ലും കാട്ടുചെടികളും വളർന്നു നിൽക്കുകയാണ്. നേരത്തെ റോഡിനടിയിലൂടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണം ചെയ്‌തിരുന്നു. എന്നാൽ, പുതുതായി എം.സി റോഡ് നവീകരണം നടത്തിയപ്പോൾ ഓട മൂടിപ്പോകുകയായിരുന്നു. തെള്ളകം ഭാഗത്ത് എം.സി റോഡിൽ ഒരു വശം കുന്നുംഭാഗവും, മറു ഭാഗം താഴ്‌ന്ന പ്രദേശവുമാണ്. അതിനാൽ കനത്ത മഴയിൽ വെള്ളം കുന്നിൻഭാഗത്തു നിന്ന് ഒഴുകിയിറങ്ങും. ഇത് ഒഴുകിപ്പോകാതെ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് കെട്ടിക്കിടക്കുകയാണ്.

സൂക്ഷിക്കണം വാഹനയാത്രക്കാർ

തെള്ളകം മാതാ ആശുപത്രിയ്‌ക്കു മുന്നിൽ

നൂറ്റൊന്നു കവലയ്‌ക്ക് മുൻപുള്ള വളവ്

അടിച്ചിറയിലെ കൊടുംവളവ്

''എം.സി റോഡ് കനത്ത മഴയിൽ കുഴിയായതാണ് അപകടത്തിന്റെ തീവ്രത വർദ്ധിപ്പിക്കുന്നത്. പലയിടത്തും ചെറിയ കുഴികളുണ്ട്. ഇത് ഇരുചക്ര വാഹന യാത്രക്കാർക്ക് കെണിയാണ്. അപകടം ഒഴിവാക്കുന്നതിനായി അതീവജാഗ്രത ആവശ്യമാണ്.

ടോജോ എം.തോമസ്, ആർ.ടി.ഒ

എൻഫോഴ്സ്‌മെന്റ്

ബൈക്ക് യാത്രക്കാരന്റെ നില ഗുരുതരം

തെള്ളകം മാതാ ആശുപത്രിയ്ക്ക് മുന്നിലുണ്ടായ ബൈക്ക് അപകടത്തിൽ പത്തനംതിട്ട ഫെ‌ഡറൽ ബാങ്ക് ജീവനക്കാരനായ തൃശൂർ സൂര്യഗ്രാം ചെങ്ങള്ളൂർ കുരിശേരി ഹൗസ് ഷോബിൻ ജെയിംസ് (25) നാണ് ഗുരുതര പരിക്കേറ്റത്. വെള്ളക്കെട്ടിനുള്ളിലെ കുഴിയിൽ വീണ ബൈക്കിൽ നിന്ന് ഷോബിൻ തെറിച്ച് വീണ് എതിർ ദിശയിൽ നിന്നും എത്തിയ എയിസ് മിനിലോറിയുടെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് ഇയാളെ മെഡിക്കൽ കോളേജിൽ ആശുപത്രിയിൽ എത്തിച്ചത്.യുവാവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.