രണ്ടാംകൃഷി മടവീണ് നശിച്ച് ലക്ഷങ്ങളുടെ നഷ്ടം
കോട്ടയം : കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും രണ്ടാംകൃഷി മലവെള്ളപ്പാച്ചിലിന് പിറകെ മടകൂടി വീണ് നശിച്ചതോടെ കർഷകർക്ക് ലക്ഷങ്ങളുടെ നഷ്ടം. മുന്നൂറിലേറെ പാടശേഖരങ്ങളിൽ പതിനായിരത്തിലേറെ ഏക്കർ വിരിപ്പുകൃഷി നശിച്ചു. 36 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. ഞാറ് നട്ട് വളം വിതറിയ പാടങ്ങളിലെ ഞാറ് ചീഞ്ഞഴുകി. വളമിട്ടില്ലായിരുന്നെങ്കിൽ രണ്ടാഴ്ച വരെ ഞാറുകൾ വെള്ളത്തിൽ കിടന്നാലും ചീയില്ലായിരുന്നു. സപ്ലൈകോയ്ക്ക് നെല്ലുവിറ്റ പണം മിക്ക കർഷകർക്കും കിട്ടാനുണ്ട്. കടം വാങ്ങി വിത്തും വളവും വാങ്ങിയാണ് വീണ്ടും വിരിപ്പ് കൃഷിയിറക്കിയത്. ഇനി വെള്ളം വറ്റിച്ച് കൃഷിയിറക്കണമെങ്കിൽ വീണ്ടും കടം വാങ്ങണം. മുൻ കടം വീട്ടാത്തതിനാൽ ആരും പണം നൽകില്ല. എങ്ങനെയും കൃഷി ഇറക്കാമെന്ന് വച്ചാൽ ആവശ്യത്തിന് വിത്തുമില്ല.
മെത്രാൻ കായൽ കർഷകർ രക്ഷപ്പെട്ടു
വെള്ളം വറ്റിച്ച് കൃഷി ജോലികൾ ആരംഭിക്കുന്നതിന് മെത്രാൻ കായലിൽ കർഷകർ മോട്ടോർ തറ ഒരുക്കിയിരുന്നു. പമ്പിംഗ് ജോലികൾ ആരംഭിച്ചിരുന്നില്ല. വെള്ളം കയറി ഇറങ്ങുന്നതോടെ മണ്ണിലെ പുളിരസം കുറയും. കൂടുതൽ എക്കലുമെത്തും. ഇത് അടുത്ത കൃഷിക്ക് സഹായകമാകുമെന്ന് പാടശേഖര സമിതി വൈസ് പ്രസിഡന്റ് രാജീവ് പറഞ്ഞു.
മീനുകൾ കായലിലെത്തി
നെൽക്കൃഷിയ്ക്ക് പിറകെ മീൻ വളർത്തിയ കർഷകർക്ക് വെള്ളപ്പൊക്കം വൻതിരിച്ചടിയായി. വൈക്കം, കുമരകം, അയ്മനം, ആർപ്പൂക്കര, കല്ലറ, ചങ്ങനാശേരി തുടങ്ങിയ പ്രദേശങ്ങളിൽ പാടങ്ങളിൽ വളർത്തി വലുതായ മീനുകൾ മലവെള്ളപ്പാച്ചിലിൽ കായലിലെത്തി. മീൻ കുളങ്ങൾക്ക് സംരക്ഷണവലയവും മറ്റും തീർത്തിരുന്നുവെങ്കിലും എല്ലാം തകർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി.
ക്ഷീരമേഖലയും തരിപ്പണം
വെള്ളപ്പൊക്കം ക്ഷീരമേഖലയെയും തകർത്തു. വീട് വിട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ ആളുകൾ എത്തിയതോടെ വളർത്തുമൃഗങ്ങളുടെ സംരക്ഷണവും ബുദ്ധിമുട്ടിലായി. വെള്ളം കയറാത്ത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചവർക്ക് മതിയായ ഭക്ഷണം നൽകാൻ കഴിയാത്തത് പാൽ ഉത്പാദനവും കുറച്ചു. പച്ചപ്പുല്ല് ലഭിക്കണമെങ്കിൽ വെള്ളമിറങ്ങി പുതുനാമ്പുകൾ കിളിർക്കണം. കറവ് മാടുകൾ മോഷണം പോകാതിരിക്കാൻ രാത്രിയിൽ കാവൽ കിടക്കണം. വെള്ളക്കെട്ടും തണുപ്പും പാൽ ഉത്പാദനത്തിന് പുറമേ കറവമാടുകളുടെ ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്.
ധനസഹായം നൽകണം: കിസാൻ സഭ
വൈക്കം, കോട്ടയം താലൂക്കുകളിലായി ഉദ്ദേശം ആറായിരം ഹെക്ടറോളം പാടശേഖരങ്ങളിലെ കൃഷി നശിച്ച കർഷകർക്ക വെള്ളപ്പൊക്ക ധനസഹായം നൽകണമെന്ന് കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.എൻ.ദാസപ്പനും, പ്രസിഡന്റ് അഡ്വ. തോമസ് വിടിയും ആവശ്യപ്പെട്ടു. ഒരു മാസത്തിലധികം പ്രായം വരുന്ന നെൽച്ചെടിയാണ് മട വീണും പുറംബണ്ട് വെള്ളം കവിഞ്ഞ് കയറിയും നശിച്ചത്. അടിയന്തരമായി ബണ്ട് സംരക്ഷണ തുക പാടശേഖരങ്ങൾക്ക് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.