പൊൻകുന്നം:തദ്ദേശതിരഞ്ഞെടുപ്പ് മുൻനിറുത്തി ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ അരങ്ങേറുന്ന രാഷ്ട്രീയ നാടകം കണ്ട് ജനം മടുത്തു.പഞ്ചായത്ത് കമ്മിറ്റി കൂടിയിട്ട് രണ്ടുമാസമായി.കൂടാൻ പ്രതിപക്ഷം സമ്മതിക്കുന്നില്ലെന്നും കഴിഞ്ഞ തിങ്കളാഴ്ച ഓൺലൈൻ കമ്മിറ്റി കൂടിയപ്പോഴും അവർ ബഹളമുണ്ടാക്കി കമ്മിറ്റി അലങ്കോലപ്പെടുത്തിയെന്നും ഭരണപക്ഷം.കമ്മിറ്റി വിളിക്കാതെ പ്രസിഡന്റ് ഒളിച്ചോടുകയാന്നെന്നും ഓൺലൈൻ കമ്മിറ്റി കൂടുന്ന കാര്യം തങ്ങളെ അറിയിച്ചില്ലെന്നും പ്രതിപക്ഷം.ലോക്ക്ഡൗൺ കാലത്ത് ഒരു സന്നദ്ധസംഘടന വിതരണം ചെയ്ത ഭക്ഷ്യധാന്യ കിറ്റിനെച്ചൊല്ലി തുടങ്ങിയ തർക്കമാണ് ഇതുവരെയെത്തിയത്.പ്രതിപക്ഷത്ത് യു.ഡി.എഫും ബി.ജെ.പിയും ഒരുമിച്ചാണ് സമരം.ഇരുകൂട്ടരും ചേർന്നാൽ 11 പേരായി.ഭരണപക്ഷത്ത് 9 ഉം. ബി.ജെ.പിയെ എതിർക്കുന്ന എൽ.ഡി.എഫും യു.ഡി.എഫും ചേർന്ന് അലിഖിതവും അപ്രഖ്യാപിതവുമായ ഒരു ധാരണയോടെയാണ് ഭരണം തുടങ്ങിയത്.എന്നാൽ പിന്തുണയ്ക്കുന്ന യു.ഡി.എഫിനോട് യാതൊരു മര്യാദയും കാണിക്കാതെ അവഹേളനാപരവും ധാർഷ്ട്യവും നിറഞ്ഞ സമീപനമാണ് സി.പി.എമ്മിന്റേതെന്ന ആരോപണം തുടക്കം മുതലേ ഉയരുന്നതാണ്.ഘടകകക്ഷിയായ സി.പി.ഐ അംഗങ്ങളോടുപോലും ചിറ്റമ്മനയമാണെന്നാണ് ആക്ഷേപം.ഭരണപക്ഷത്ത് സ്വന്തം കക്ഷിയിലെ അംഗങ്ങളെപോലും വിശ്വാസത്തിലെടുക്കാത്ത പ്രസിഡന്റിനെ നയിക്കുന്നത് ബാഹ്യശക്തികളാണെന്നും ആക്ഷേപമുയരുന്നു.അപ്പോഴും പഞ്ചായത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വികസനപ്രവർത്തനങ്ങൾ നടന്നത് ഈ കാലത്താണെന്നത് ജനം മനസിലാക്കുമെന്ന ആശ്വാസത്തിലാണ് സി.പി.എം.
നേടുമോ കൂടുതൽ സീറ്റുകൾ
ഇപ്പോൾ 6 സീറ്റുകളുള്ള ബി.ജെ.പിയുടെ ലക്ഷ്യം 10 സീറ്റെങ്കിലും നേടി അടുത്ത തിരഞ്ഞെടുപ്പിൽ ഭരണം പിടിക്കുക എന്നതാണ്.നിരന്തര സമരങ്ങളിലൂടെ അതിനുള്ള കളമൊരുക്കാനാണ് അവർ ശ്രമിച്ചത്.പക്ഷേ ഏറ്റെടുത്ത സമരങ്ങൾ ലക്ഷ്യം കാണാതെപോയതും സമരങ്ങൾ പലതും അനാവശ്യമായിരുന്നു എന്നു പാർട്ടിയിൽതന്നെ വിമർശനമുയരുന്നതും വിനയായി.അതേസമയം ചിറക്കടവിൽ ബി.ജെ.പിക്ക് കിട്ടാവുന്ന പരമാവധി സീറ്റാണ് 6 എന്നും അതാണ് പഞ്ചായത്തിന്റെ ഭൂമിശാസ്ത്രമെന്നും എതിരാളികൾ പറയുന്നു.25 വർഷമായി പഞ്ചായത്ത് ഭരിക്കുന്ന എൽ.ഡി.എഫിൽനിന്ന് ഭരണം പിടിക്കുക ശ്രമകരമാണെന്ന് അറിയാമെങ്കിലും ഭരണവിരുദ്ധ വോട്ടുകൾ ഒന്നാകെ നേടിയെടുക്കാനാകുമെന്ന പ്രതീക്ഷയാണ് ബി.ജെപിക്ക്.
ഒപ്പമെത്താൻ യു.ഡി.എഫ്
മൂന്നു കേരളാകോൺഗ്രസുകാരും രണ്ടു കോൺഗ്രസുകാരും അടങ്ങുന്നതാണ് പഞ്ചായത്തിലെ യു.ഡി.എഫ് മുന്നണി. മുമ്പ് ദീർഘകാലം പഞ്ചായത്ത് ഭരിച്ചവർ.ഇപ്പോൾ ബി.ജെ.പിയുടെ പിന്നിൽനിന്ന് സമരം നടത്തുന്നു എന്നാണ് എതിരാളുകളുടെ പ്രധാന ആരോപണം. ഈ രീതിയിലാണ് പോക്കെങ്കിൽ ഒക്ടോബറിൽ തിരഞ്ഞെടുപ്പ് നടന്നാൽ പഞ്ചായത്തിന്റെ പടി ചവിട്ടാനാകുമോ എന്ന ചോദ്യമുയരുന്നു. അതുകൊണ്ടുതന്നെ അണികളെ ഇളക്കി സമരം നടത്തുകയാണ് യു.ഡി.എഫ്.പക്ഷേ സമരം ബി.ജെ.പിയോടൊപ്പമാണെന്നത് ഭരണപക്ഷത്തിന് നൽകുന്ന ആശ്വാസം ചെറുതല്ല.