എ.സി റോഡിൽ ഗതാഗതം ഭാഗികമായി പുന:സ്ഥാപിക്കും
ചങ്ങനാശേരി:കഴിഞ്ഞ രണ്ട് ദിവസമായി മഴയ്ക്ക് ശമനം ഉണ്ടാവുകയും കിഴക്കൻ വെള്ളത്തിന്റെ വരവ് കുറയുകയും ചെയ്തതോടെ ചങ്ങനാശേരി പടിഞ്ഞാറൻ മേഖലയിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലും ജലനിരപ്പ് താഴ്ന്ന് തുടങ്ങിയത് ദുരിതബാധിതർക്ക് ആശ്വാസമായി. എ.സി റോഡിൽ ജലനിരപ്പ് താഴ്ന്നതിനാൽ കഴിഞ്ഞ നാല് ദിവസമായി തടസപ്പെട്ടിരുന്ന ചങ്ങനാശേരി ആലപ്പുഴ കെ.എസ്.ആർ.ടി.സി സർവീസ് ഇന്ന് ഭാഗീകമായി പുന:സ്ഥാപിക്കും. എ.സി റോഡിൽ ചങ്ങനാശേരിയിൽ നിന്ന് പള്ളിക്കൂട്ടമ്മവരെയും ആലപ്പുഴയിൽ നിന്ന് മങ്കൊമ്പ് വരെയും സർവീസ് നടത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ആർ.ടി.സി അധികൃതർ. പടിഞ്ഞാറൻ പ്രദേശത്തെ ജനങ്ങൾക്ക് ആശ്വസമായി ഇരുചക്രവാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊലീസ് കടത്തിവിട്ടു.മഴ പൂർണ്ണമായും മാറി നിന്നാൽ ഇന്ന് ഉയോടെ ഈ റൂട്ടിൽ വാഹന ഗതാഗതം പൂർണമായും ആരംഭിക്കാൻ കഴിയുന്ന സ്ഥിതിയാണുള്ളതെന്ന് പൊലീസ് അറിയിച്ചു.
17 ക്യാമ്പുകൾ
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് താഴുകയും വീടുകളിൽ നിന്ന് വെള്ളം ഇറങ്ങുകയും ചെയ്തതിനെ തുടർന്ന് ചങ്ങനാശേരിയിൽ അഭയം പ്രാപിച്ചവരും ക്യാമ്പുകളിൽ തങ്ങിയിരുന്ന ചില കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. ചങ്ങനാശേരിയിൽ 17 ദുരിതാശ്വാസ ക്യാബിൽ 176 കുടുംബങ്ങളിൽ നിന്നായി 563 പേർ നിലവിൽ ക്യാമ്പുകളിലുണ്ട്. ഇതിൽ 211 പുരുഷൻമാർ, സ്ത്രീകൾ 251, കുട്ടികൾ 101, 60 വയസ്സിനു മുകളിലുള്ളവർ 74, ഗർഭിണികൾ 3 എന്നിങ്ങനെയാണ് ക്യാമ്പുകളിൽ താമസിക്കുന്നവരുടെ എണ്ണം. കിടങ്ങറയിൽ നിന്ന് ചങ്ങനാശേരി ബോട്ട് ജെട്ടിയിലേക്ക് രണ്ട് ബോട്ടുകളിലായി 24 സർവീസുകൾ നടത്തി. രാവിലെ 6.15ന് ആരംഭിച്ച സർവ്വീസ് വൈകിട്ട് 7.30 ഓടെ അവസാനിപ്പിച്ചു. ക്യാമ്പ് അംഗങ്ങൾക്ക് ആവശ്യമുള്ള അരിയും മറ്റ് പലവ്യഞ്ജനങ്ങളും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് നൽകുന്നത്. കൊവിഡ് 19 പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ എല്ലാ സുരക്ഷ ക്രമീകരണങ്ങളും പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് ചങ്ങനാശേരി തഹസിൽദാർ അറിയിച്ചു.