കോട്ടയം: ജില്ലയിൽ പെരുമഴയ്ക്ക് അശ്വാസം ലഭിച്ചെങ്കിലും വെള്ളമിറങ്ങാത്ത സ്ഥലങ്ങളിൽ ദുരിതം തുടരുന്നു. മീനച്ചിലാറ്റിലെയും മൂവാറ്റുപുഴയാറിലെയും ജലനിരപ്പ് കുറഞ്ഞെങ്കിലും നാഗമ്പടം, കുമരകം, തിരുവാർപ്പ് എന്നിവിടങ്ങളിൽ നിന്നും ഇനിയും വെള്ളമിറങ്ങിയിട്ടില്ല. അതേസമയം പലയിടത്തും റോഡിൽ നിന്നും വെള്ളം ഇറങ്ങി. പലയിടത്തും ഗതാഗതം പൂർവസ്ഥിതിയിലായിട്ടുണ്ട്. മീനച്ചിലാറിന്റെ കൈവഴിയിൽ കരിമ്പിൻകാലാ കടവിൽ ഇന്നലെ വൈകിട്ട് ജലനിരപ്പ് ഉയർന്നത് ആശങ്ക വർദ്ധിപ്പിച്ചു. എന്നാൽ, കൊടൂരാറ്റിൽ കോടിമതയിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങി.
അയർക്കുന്നം, വിജയപുരം, മണർകാട് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളമിറങ്ങിയെങ്കിലും പലയിടത്തും ദുരിതം തുടരുകയാണ്. അയ്മനം, ആർപ്പൂക്കര, കുമരകം, തിരുവാർപ്പ് പഞ്ചായത്തുകളിൽ മഴയൊഴിഞ്ഞെങ്കിലും ദുരിതം തുടരുകയാണ്. കോട്ടയം കുമരകം റോഡിൽ നിന്നു വെള്ളം ഇറങ്ങിയില്ലെങ്കിലും ഇന്നലെ വൈകിട്ട് മുതൽ വലിയ വാഹനങ്ങൾ ഓടിത്തുടങ്ങി. വെള്ളമിറങ്ങാത്തിനെ തുടർന്നു ഇടറോഡുകളിൽ ഇപ്പോഴും ഗതാഗത തടസം തുടരുകയാണ്.
ചങ്ങനാശേരി ആലപ്പുഴ റോഡ് പൂർണമായും വെള്ളത്തിനടിയിലാണ്. ഇവിടെ നിന്നു വെള്ളം ഇറങ്ങാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണു സൂചന. വൈക്കം മേഖലയിലും ദുരിതം വർദ്ധിക്കുകയാണ്. വെള്ളക്കെട്ടും ഇഴജന്തുക്കളുടെ ശല്യവും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു.

ജില്ലയിൽ ആകെ ക്യാമ്പുകൾ: 210

ക്യാമ്പുകളിൽ കഴിയുന്നവർ: 2082 കുടുംബങ്ങൾ

ഏറ്റവും കൂടുതൽ ക്യാമ്പുകൾ: കോട്ടയം താലൂക്കിൽ (159)