പാലാ: നഗരത്തിലെ ബൈപ്പാസിന്റെ ഇടുങ്ങിയ പ്രവേശന കവാടം വീതി കൂട്ടുന്നതിനു തുക അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവായി. സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുക്കാൻ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബൈപ്പാസിന്റെ സിവിൽ സ്റ്റേഷൻ മുതൽ സെന്റ് മേരീസ് സ്‌കൂൾ വരെയുള്ള ഭാഗത്തും, അരുണാപുരം മരിയൻ ജംഗ്ഷൻ ഭാഗത്തുമാണ് വീതിക്കുറവുള്ളത്. ഇതിൽ സിവിൽ സ്‌റ്റേഷന് മുൻവശത്തുള്ള ബൈപ്പാസ് കവാടമാണ് ഏറെ ഇടുങ്ങിയത്.

ധനകാര്യ മന്ത്രിയായിരുന്ന കെ. എം. മാണി വിഭാവനം ചെയ്ത് പൂർത്തീകരിച്ച പാലാ ബൈപ്പാസ് പാലായിലെ ഏറ്റവും വലിയ വികസന പദ്ധതികളിൽ ഒന്നായിരുന്നു. എന്നാൽ പ്രവേശന കവാടം വിപുലീകരിക്കാൻ കഴിയാതെവന്നതോടെ യാത്രക്കാർക്ക് ബുദ്ധിമുട്ടായി.റോഡിനായി സ്ഥലം വിട്ടു കൊടുക്കുമ്പോൾ ലഭിക്കേണ്ട നഷ്ടപരിഹാരത്തെച്ചൊല്ലി ചില സ്ഥലമുടമകൾ തർക്കം ഉന്നയിച്ചിരുന്നു. ബൈപ്പാസ് വീതി കൂട്ടി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരങ്ങളും അരങ്ങേറിയിരുന്നു. ഈ സാഹചര്യത്തിൽ പ്രശ്‌നം പരിഹരിക്കാൻ മാണി.സി. കാപ്പൻ എം.എൽ.എയും ജോസ്. കെ. മാണി എം.പി.യും നിരന്തര ശ്രമങ്ങൾ നടത്തി. ഇരുവരും മുഖ്യമന്ത്രിക്ക് വെവേറെ നിവേദനവും നൽകിയിരുന്നു. ബൈപ്പാസ് തുറന്നു കൊടുക്കും എന്നുള്ളത് മാണി.സി. കാപ്പൻ എം.എൽ.എയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു.