കോട്ടയം: മാനം തെളിഞ്ഞെങ്കിലും ദുരിതം മാറുന്നില്ല. കോട്ടയത്ത് വീടുകളിൽ നിന്നും വെള്ളം ഇറങ്ങിയതോടെ വീടുകൾ ശുചിയാക്കുന്ന ശ്രമത്തിലാണ് ആളുകൾ. ഡെറ്റോൾ സഹിതമുള്ള അണുനാശിനികൾ കിട്ടാതായതോടെ സോപ്പ് പൗഡറും മറ്റും ഉപയോഗിച്ചാണ് വീടുകൾ കഴുകി വൃത്തിയാക്കുന്നത്.
വീട്ടുകാർ മാറിയതോടെ പാമ്പുകൾ കൂട്ടത്തോടെ എത്തി. കുമരകം, തിരുവാർപ്പ്, ചുങ്കം മേഖലകളിലാണ് കൂടുതലായി വീടുകളിൽ പാമ്പുകൾ എത്തിയത്. പാമ്പിനെ മണ്ണെണ്ണ സ് പ്രേ ചെയ്ത് ഒടിച്ചശേഷമാണ് വീടുകളിൽ ശുചീകരണം ആരംഭിച്ചത്. കൃഷി നശിച്ചവരാവട്ടെ, ഇനി എന്ത് എന്ന ചിന്തയിലാണ്.
വീടുകൾ പൂർണമായും ഭാഗികമായും നശിച്ചവർ വില്ലേജ് ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. കൃഷി നശിച്ചവരും സഹായത്തിനായി സർക്കാർ ഓഫീസുകളെ അഭയം തേടിയിട്ടുണ്ട്.
കോട്ടയം നഗരത്തിൽ മാത്രം 51 ദുരിതാശ്വാസ ക്യാമ്പുകളിലായി 1000 ലധികം കുടുംബങ്ങളാണ് കഴിയുന്നത്. മഴ മാറിയതോടെ ഇവർ വീടുകളിലേക്ക് മടങ്ങാനുള്ള തിരക്കിലാണ്. നാഗമ്പടം, കോടിമത, കാരാപ്പുഴ, ഇല്ലിക്കൽ, താഴത്തങ്ങാടി, പഴയസെമിനാരി, ചുങ്കം, പനയക്കഴിപ്പ്, കുമാരനല്ലൂർ, ഇറഞ്ഞാൽ പ്രദേശങ്ങളിൽ വെള്ളം പൂർണമായും ഇറങ്ങി. എന്നാൽ തിരുവാർപ്പ്, കുമരകം ഭാഗങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയതേയുള്ളു.
അപ്പർകുട്ടനാട്ടിൽ മടവീണ് ഏക്കർ കണക്കിന് നെൽകൃഷിയാണ് നശിച്ചത്. സാധാരണ കാലവർഷം ആരംഭിച്ചാൽ രണ്ടു മൂന്നു ദിവസം വെള്ളം കെട്ടിനില്ക്കുമെങ്കിലും സാവധാനം ഇറങ്ങുകയാണ് പതിവ്. എന്നാൽ ഇക്കുറി മടവീഴ്ച ഉണ്ടായതോടെ കർഷകർക്കുണ്ടായ നഷ്ടം കോടികളുടേതാണ്. കഴിഞ്ഞ സീസണിൽ നെല്ലുവിറ്റ വകയിൽ ഇപ്പോഴും കർഷകർക്ക് പണം ലഭിക്കാനുണ്ട്. കെട്ടുതാലി വരെ പണയപ്പെടുത്തിയാണ് ഇക്കുറി ഇവർ കൃഷിയിറക്കിയിരിക്കുന്നത്.
കുളങ്ങളിൽ നിന്ന് മത്സ്യം ചാടിപ്പോയി ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് സംഭവിച്ചിട്ടുള്ളത്. മീൻപാടങ്ങളിൽ നിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ ഒഴുകിപ്പോയി. ഈപ്രാവശ്യം പതിവിനു വിപരീതമായി കൂടുതൽ കർഷകർ മത്സ്യവളർത്തലിലേക്ക് തിരിഞ്ഞിരുന്നു. വൈക്കം, കുമരകം, ആർപ്പുക്കര, അയ്മനം പ്രദേശങ്ങളിലായി 5000 ലധികം ഏക്കർ പാടങ്ങളിൽ മത്സ്യം വളർത്തുന്നുണ്ട്. ഇതാണ് കൂട്ടത്തോടെ ഒഴുകിപ്പോയത്.
കാലവർഷത്തിന്റെ ബാക്കിപത്രമായി റോഡുകൾ എല്ലാം കുണ്ടും കുഴിയുമായി കിടക്കുകയാണ്. തെള്ളകത്ത് സ്വകാര്യ ആശുപത്രിയുടെ മുൻവശത്ത് മഴയെതുടർന്ന് രൂപംകൊണ്ട കുഴിയിൽ അകപ്പെട്ട് ഒരു ബൈക്ക് യാത്രികൻ വാഹനത്തിന്റെ അടിയിൽപ്പെട്ട് അപകടമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയുന്ന ഇയാൾ അപകടനില തരണം ചെയ്തിട്ടില്ല. ജില്ലയുടെ 90 ശതമാനം റോഡുകളും കാലവർഷത്തെ തുടർന്ന് നശിച്ചുകിടക്കുകയാണ്.