കോട്ടയം : അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് എം.സി റോഡ് പലയിടത്തും തവിടുപൊടിയായതോടെ രക്തസാക്ഷിയായി ബൈക്ക് യാത്രക്കാരൻ. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ പരിക്കേറ്റ ബാങ്ക് ജീവനക്കാരനായ തൃശൂർ സ്വദേശി ഷോബിൻ ജെയിംസാണ് മരിച്ചത്. സംക്രാന്തി മുതൽ ഏറ്റുമാനൂർ വരെയുള്ള ഭാഗത്താണ് മഴയിൽ നിറയെ കുഴികളായത്. നേരത്തെ സംക്രാന്തി ജംഗ്ഷനിൽ കെ.എസ്.ടി.പി ഡിവൈഡർ നിർമ്മിച്ചിരുന്നു. ഇവിടെ നിരന്തരം വാഹനം ഇടിച്ചു കയറി അപകടം ഉണ്ടായിരുന്നു. തുടർന്നു നാട്ടുകാർ പ്രതിഷേധം ശക്തമാക്കിയതോടെ ഡിവൈഡർ പൊളിച്ച് കളയാൻ അധികൃതർ നിർബന്ധിതരായി. ഡിവൈഡർ പൊളിച്ചു കളഞ്ഞ ഭാഗം ഇപ്പോഴും ഇതേ നിലയിൽ തുടരുകയാണ്.
തെള്ളകത്ത് സ്വകാര്യ ആശുപത്രിയ്‌ക്ക് വേണ്ടി ആശുപത്രിയുടെ മുന്നിലെ ഓട മണ്ണിട്ട് മൂടിയിരിക്കുകയാണ്. ഈ ഓടയിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്ക് പൂർണമായും നിലച്ചു. ഇതോടെ വെള്ളക്കെട്ടും അപകടവും തുടർക്കഥയുമായി. ഏറ്റുമാനൂർ ടൗണിൽ റോഡ് തകർന്നതിനെ തുടർന്ന് ടാറിംഗ് മാറ്റി ഇന്റർലോക്ക് ടൈലുകൾ പാകിയിരിക്കുകയാണ്.
അറ്റകുറ്റപ്പണി ആര് ചെയ്യും
എം.സി റോഡിന്റെ അറ്റകുറ്റപ്പണികൾ കരാറുകാരൻ ചെയ്യണമെന്ന കരാറോടെയാണ് നിർമ്മാണം നൽകിയിരിക്കുന്നത്. എന്നാൽ ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല. ആദ്യം മഴയിൽ തന്നെ ബി.എം.ബി.സി നിലവാരത്തിലുള്ള റോഡ് തകർന്നു.