കോട്ടയം: നാലുദിവസം മാത്രം നീണ്ട കാലവർഷത്തിൽ ജില്ലയിൽ ഇതുവരെ ഉണ്ടായത് 100 കോടിയോളം രൂപയുടെ നാശനഷ്ടം . ഇനിയും ദുരിതപ്പെയ്ത്തു തുടർന്നാൽ രണ്ടു വർഷം മുമ്പത്തെ പ്രളയത്തെ കവച്ചുവയ്ക്കുന്ന നഷ്ടമുണ്ടാകും.
കെ.എസ്.ടി.പി നിലവാരത്തിൽ നിർമിച്ച എം.സി.റോഡ് അടുത്ത നാളിലാണ് പൊതു മരാമത്തു വകുപ്പിന് കൈമാറിയത്. ഉയർന്ന ഗുണനിലവാരത്തോടെ വൻതുക ചെലവഴിച്ചു നിർമിച്ച റോഡിന് വെള്ളക്കെട്ടിനെ അതിജീവിക്കാൻ കഴിഞ്ഞില്ലെന്നാണ് റോഡിൽ രൂപപ്പെട്ട കുണ്ടും കുഴിയും തെളിയിക്കുന്നത്. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമായി ഓടയും കലിങ്കുമടച്ച് സഹായം ചെയ്തു കൊടുത്തതാണ് റോഡിൽ വെള്ളക്കെട്ടിന് കാരണമെന്ന ആരോപണം ശക്തമായിട്ടുണ്ട്.
റോഡ് തകർന്ന് എട്ടു കോടി നഷ്ടം
റോഡ് തകർന്നതിൽ മാത്രം എട്ടു കോടിയിലേറെ രൂപയുടെ നഷ്ടമാണ് വിലയിരുത്തിയത്. പൊതുമരാമത്ത് റോഡുകൾക്ക് 5.31 കോടിയുടെയും ഗ്രാമീണ റോഡുകൾക്ക് 2.72 കോടിയുടേയും നഷ്ടം സംഭവിച്ചു. കുമരകം റോഡ് സമീപകാലത്ത് ഏഴുകോടി ചെലവഴിച്ചും ആലപ്പുഴ- ചങ്ങനാശേരി റോഡ് പത്തു കോടി ചെലവഴിച്ചും നന്നാക്കിയിരുന്നു. ഈ രണ്ട് പ്രധാന റോഡുകളിൽ നിന്നും വെള്ളം പൂർണമായി ഇറങ്ങിയ ശേഷമേ ശരിയായ കണക്കെടുപ്പു നടത്താനാവൂ
74.79 കോടി രൂപയുടെ കൃഷിനാശം
6411 ഹെക്ടറിലെ 74.79 കോടി രൂപയുടെ കൃഷി നശിച്ചതായാണ് കൃഷിവകുപ്പിന്റെ പ്രാഥമിക വിലിയിരുത്തൽ . 14,308 കർഷകരുടെ വിവിധയിനം കൃഷികൾ വെള്ളത്തിലായി. 2849 ഹെക്ടറിലെ നെൽ കൃഷി നശിച്ചതുവഴി 4557 കർഷകർക്ക് 42 .73 കോടി രൂപയൂടെ നഷ്ടമുണ്ടായി .
നെല്ല്, വാഴ, കപ്പ, റബർ, പച്ചക്കറി, എന്നിവ വ്യാപകമായി നശിച്ചു. പശു, എരുമ, പോത്ത്, കിടാരികൾ, ആട്, കോഴി, താറാവ് എന്നിവയ്ക്കും തൊഴുത്തിനും മറ്റും നഷ്ടമുണ്ടായി.
വീടുകൾ തകർന്ന് അഞ്ചു കോടി
പലയിടങ്ങളിലും വീടുകൾ ഭാഗികമായോ പൂർണമായോ തകർന്നു. അഞ്ചു കോടിയോളം രൂപയുടെ നഷ്ടമാണ് ഈ മേഖലയിൽ ഉണ്ടായെന്നു കരുതുന്നത്. വൈദ്യുതി, ടെലിഫോൺ മേഖലയിലെ നഷ്ടം വിലയിരുത്തിയിട്ടില്ല. നിരവധി ട്രാൻസ് ഫോമറുകൾ കേടായി, വൈദ്യുതി ലൈനുകൾ പൊട്ടി വീണു. പോസ്റ്റുകളും ടവറുകളും മറിഞ്ഞു. നിരവധി ടെലിഫോൺ പോസ്റ്റുകളും തകർന്നു.