mitera

കോട്ടയം: പ്രസവ സംബന്ധമായ ചികിത്സകൾ പ്രത്യേകമായി നടക്കുന്ന തെള്ളകം മിറ്റേര ആശുപത്രിയിൽ മാതൃ,ശിശു മരണം പതിവ്. ആശുപത്രി തുടങ്ങി രണ്ടര വർഷം പിന്നിടുമ്പോൾ 18 പേരാണ് കാലപുരി പൂകിയത്. മാതൃ,ശിശു മരണനിരക്ക് കുറയ്ക്കാൻ സർക്കാർ സംവിധാനങ്ങൾ പാടുപെടുമ്പോഴാണ് പ്രസവ സംബന്ധമായ ചികിത്സമാത്രം നൽകാനായി തുറന്നുവച്ച ആശുപത്രിയിൽ മരണങ്ങളുടെ ഘോഷയാത്ര.

അതിരമ്പുഴ പഞ്ചായത്തിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരം. 2017 അവസാനം ആശുപത്രി തുടങ്ങിയത് മുതൽ ഇതുവരെ മരണ നിരക്ക് ഉയരുകയാണ്. കഴിഞ്ഞ ഏപ്രിലിൽ പ്രസവത്തെ തുടർന്ന് പേരൂർ തച്ചനാട്ടിൽ ജി.എസ്.ലക്ഷ്മിയെന്ന ഹയർസെക്കൻഡറി സ്‌കൂൾ അദ്ധ്യാപിക മിറ്റേരയിൽ മരിച്ചിരുന്നു. ചികിത്സാപ്പിഴവാണെന്ന് കാട്ടി ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് മറ്റ് മരണങ്ങളുടേയും വിവരങ്ങൾ പുറത്തുവരുന്നത്. മൂന്ന് അമ്മമാരും 15 നവജാത ശിശുക്കളുമാണ് ഇതുവരെ മരിച്ചത്. ഒറ്റ പ്രസവത്തിൽ ജനിച്ച മൂന്ന് കുട്ടികളും മരിച്ച സംഭവവുമുണ്ട്.

 കൊല്ലുന്ന ഫീസ്

സാധാരണ ആശുപത്രിയേക്കാൾ മൂന്നും നാലും ഇരട്ടി ഫീസാണ് ഫൈവ് സ്റ്റാർ ഹോട്ടലിന് സമാനമായ മിറ്റേരയിൽ. പക്ഷേ, രക്തബാങ്കുപോലുമില്ല. അടിയന്തര ഘട്ടത്തിൽ രക്തം ആവശ്യമായി വരുമ്പോൾ സമീപത്തെ ആശുപത്രികളെ ആശ്രയിക്കണം.

ചികിത്സാപ്പിഴവുണ്ടായി

'' ലക്ഷ്മിയുടെ മരണത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ്. പ്രസവത്തിന് ശേഷം രക്തസ്രാവമുണ്ടായി എന്നാണ് മാനേജ്‌മെന്റ് ഞങ്ങളെ അറിയിച്ചത്. എന്നാൽ ചികിത്സാപ്പിഴവുണ്ടായി എന്ന് ആശുപത്രി രേഖകളിൽ നിന്ന് വ്യക്തമാണ്. ലക്ഷ്മി മരിച്ചപ്പോൾ മിറ്റേരയിലെ ആദ്യ മരണമെന്നാണ് മാനേജ്‌മെന്റ് ഞങ്ങളോടു പറഞ്ഞത്. എന്തൊക്കെ തടസങ്ങളുണ്ടായാലും പിന്നോട്ടില്ല''

ടി.എൻ.രാജേഷ്, ഭർത്താവ്

ഒരാളും വഞ്ചിതരാവരുത്

'' യാതൊരു അടിസ്ഥാന സൗകര്യവും മിറ്റേര ആശുപത്രിയിൽ ഇല്ല. രക്തബാങ്കില്ല. വിദഗ്ദ്ധരായ മറ്റ് ഡോക്ടർമാരോ, കാത്ത് ലാബോ, മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളോ സജ്ജമാക്കാതെയാണ് കനത്ത ഫീസ് വാങ്ങി ചികിത്സിക്കുന്നത്. ഇനി ഒരാളും വഞ്ചിതരാവാതിരിക്കാനാണ് ഞങ്ങളുടെ ശ്രമം''

ഡോ.ശ്രീജിത്ത് കൃഷ്ണൻ, സേവ് മദർ ആൻഡ് ചൈൽഡ് ആക്ഷൻ കൗൺസിൽ