പാലാ : വർഷങ്ങളായി നടപടി ഇല്ലാതെ കിടന്ന പാലാ ബൈപ്പാസിന്റെ അപാകതയ്ക്ക് ശ്വാശത പരിഹാരമാകുന്നു. മാണി സി കാപ്പൻ എം.എൽ.എയുടെ ശ്രമഫലമായി റോഡിന്റെ പണി പൂർത്തീകരിക്കുന്നതിനും ഭൂമി ഏറ്റെടുക്കുന്നതിനും സർക്കാർ അനുമതി നൽകി. ഇതിനായി 10 കോടി 10 ലക്ഷം രൂപ അനുവദിച്ചു.

സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെയുള്ള ഒന്നാം റീച്ചിൽ ഭൂമി ഏറ്റെടുക്കുന്നതിന് ഏഴരക്കോടി രൂപയും റോഡ് നിർമ്മാണത്തിന് ഒരു കോടി പത്തുലക്ഷം രൂപയാണ് അനുവദിച്ചത്. രണ്ടാം റീച്ചിൽപ്പെടുന്നത് മരിയൻ ജംഗ്ഷനിലെ കെട്ടിടമുൾപ്പെട്ട ഭാഗമാണ്. കെട്ടിടമുൾപ്പെടെ സ്ഥലം ഏറ്റെടുക്കുന്നതിന് 65 ലക്ഷം രൂപയും റോഡ് നിർമ്മാണത്തിന് 32 ലക്ഷം രൂപയും അനുവദിച്ചു. സെപ്തംബർ അവസാനത്തോടെ നടപടികൾ പൂർത്തീകരിച്ച് റോഡ് നിർമ്മാണം പൂർത്തിയാക്കാമെന്ന് പ്രതീക്ഷിക്കുന്നതായി എം.എൽ.എ അറിയിച്ചു.

മുൻ മന്ത്രി കെ.എം.മാണിയുടെ കാലത്താണ് ബൈപാസ് ആരംഭിച്ചത്. എന്നാൽ സിവിൽ സ്റ്റേഷൻ ഭാഗത്ത് നിന്നും ആരംഭിക്കുന്ന ഭാഗത്തുള്ള സ്ഥലമുടമകൾ സ്ഥലം വിട്ടു നൽകാതെ വന്നതോടെ ഈ ഭാഗത്തെ ഗതാഗതം ദുസ്സഹമായി. ഇവിടെ ഉൾപ്പെടെ 13 കുടുംബങ്ങൾക്ക് കുറഞ്ഞ തുക അനുവദിച്ചപ്പോൾ മറ്റു സ്ഥലങ്ങളിൽ ഉയർന്ന തുക നൽകിയാണ് സ്ഥലം ഏറ്റെടുത്തത്. ഇതോടെ സ്ഥലമുടമകൾ ഏറ്റെടുക്കലിലെ അപാകത ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ സ്ഥലമേറ്റെടുക്കലിൽ നിന്ന് പിന്നോട്ടു പോയി.

ലക്ഷ്യം സമഗ്രവികസനം

കളരിയാമ്മാക്കൽ കടവ് റോഡ്, രാമപുരം കുടിവെള്ളപദ്ധതി, മീനച്ചിൽ സൊസൈറ്റി പുനരുദ്ധാരണം ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ അവസാന ഘട്ടത്തിലാണെന്ന് മാണി സി.കാപ്പൻ പറഞ്ഞു.

പാലായുടെ സമഗ്ര വികസനമാണ് ലക്ഷ്യം. നഗര കേന്ദ്രീകൃതമാകാതെ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തും വികസനം എത്തിക്കാൻ പ്രതിജ്ഞാബദ്ധനാണ്. ക്രിയാത്മക വിമർശനത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

സർക്കാർ അനുവദിച്ചത് : 10 കോടി 10 ലക്ഷം

ഒന്നാംറീച്ചിൽ : സിവിൽ സ്റ്റേഷൻ മുതൽ വൈക്കം റോഡ് വരെ

രണ്ടാം റീച്ചിൽ : മരിയൻ ജംഗ്ഷനിലെ കെട്ടിടമുൾപ്പെട്ട ഭാഗം