g-sukumaran-nair

ചങ്ങനാശേരി: മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്കുള്ള സംവരണകാര്യത്തിൽ ഗുണപരമായ പരിഹാരം ഉടൻ കാണുന്നില്ലെങ്കിൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് എൻ. എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻനായർ പറഞ്ഞു.

മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10 ശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവുണ്ടായെങ്കിലും പി.എസ്.സി വഴി

നടക്കേണ്ട നിയമനങ്ങൾക്ക് ഇത് ബാധകമാക്കിയിട്ടില്ല. കെ.എസ് ആൻഡ് എസ്.എസ്.ആർ പാർട്ട് 2 1958-ലെ ബന്ധപ്പെട്ട സംവരണചട്ടം ഭേദഗതി ചെയ്യാത്തതാണ് കാരണം. ഉത്തരവ് ഇറങ്ങി ആറുമാസം കഴിഞ്ഞിട്ടും സംവരണചട്ടം ഭേദഗതി ചെയ്യാത്തത് അലംഭാവവും ആ വിഭാഗത്തോടുള്ള അവഗണനയുമാണ് .

മുന്നാക്കസമുദായം നടത്തുന്ന സ്‌കൂളുകൾക്ക് 50 ശതമാനം മെരിറ്റ്, 20 ശതമാനം പട്ടികജാതി-പട്ടികവർഗം, 10 ശതമാനം കമ്യൂണിറ്റി മെരിറ്റ്, 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനത്തിന് അനുമതി ലഭിച്ചിട്ടുള്ളത്. അതേസമയം, ന്യൂനപക്ഷ സമുദായ മാനേജ്‌മെന്റുകൾ നടത്തുന്ന സ്‌കൂളുകൾക്കും പിന്നാക്കവിഭാഗം നടത്തുന്ന എയിഡഡ് സ്‌കൂളുകൾക്കും 40 ശതമാനം മെരിറ്റ്, 20 ശതമാനം പട്ടികജാതി-പട്ടികവർഗം, 20 ശതമാനം കമ്മ്യൂണിറ്റി മെരിറ്റ്, 20 ശതമാനം മാനേജ്‌മെന്റ് ക്വോട്ട എന്നിങ്ങനെയാണ് പ്രവേശനക്രമം. മുന്നാക്ക വിഭാഗത്തിൽനിന്ന് വ്യത്യസ്തമായി കമ്മ്യൂണിറ്റി മെരിറ്റ് 10 എന്നതിൽനിന്നു 20 ശതമാനമായി വർദ്ധിപ്പിച്ചിരിക്കുന്നു. മുന്നാക്കവിഭാഗത്തിന് കമ്മ്യൂണിറ്റി മെരിറ്റിൽ വർദ്ധന നല്കാത്തത് എന്തിന്റെ അടിസ്ഥാനത്തിലാണ്?​ അതിനുപുറമെയാണ് ഈ വിഭാഗത്തിൽപ്പെടുന്ന സ്‌കൂളുകളിൽ പിന്നാക്കവിഭാഗങ്ങൾക്ക് സംവരണമില്ല എന്ന പേരിൽ 10 ശതമാനം സാമ്പത്തികസംവരണം നിഷേധിക്കുകയും ചെയ്യുന്നത്.

സർക്കാർ കോളേജുകളിൽ 10 ശതമാനം സാമ്പത്തികസംവരണം അനുവദിച്ചെങ്കിലും എയിഡഡ് മേഖലയിലുള്ള കോളേജുകൾക്ക് ഇത് നിഷേധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.