ചങ്ങനാശേരി : ഓണ വിപണി ലക്ഷ്യമാക്കി തയ്യാറാക്കിയ 60 ലിറ്റർ കോട ചങ്ങനാശേരി എക്‌സൈസ് പ്രവന്റീവ് ഓഫീസർ പി. ശ്രീകാന്തിന്റെ നേതൃത്വത്തിൽ പിടികൂടി. ഫാത്തിമാപുരത്തിന് സമീപം പാറയിൽ ഭാഗത്ത് പുറംപോക്കിലെ കാട്ടിൽ ഒളിപ്പിച്ച നിലയിൽ ചാരായം നിർമ്മിക്കാനായി 2 ജാറുകളിലായി സൂക്ഷിച്ച കോടയാണ് കണ്ടെടുത്തത്. ജാറുകൾ പ്ലാസ്റ്റിക് ചാക്കിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലാണ്. പ്രതിയെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും ഇൻസ്‌പെക്ടർ അൽഫോൺസ് ജേക്കബ് അറിയിച്ചു. ഗ്രേഡ് പ്രിവന്റീവ് ഓഫീസറൻമാരായ എം നൗഷാദ്, ആന്റണി മാത്യു, സിവിൽ എക്‌സൈസ് ഓഫീസർമാരായ അരുൺ പി. നായർ, ഡി. സുമേഷ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.