adimaly-hospital
ചിത്രം. അടിമാലി താലൂക്ക് ആശുപത്രി

അടിമാലി: നാല് വർഷം മുമ്പ് താലൂക്ക് ആശുപത്രിയായി പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും ഒരു സാമൂഹിക ആരോഗ്യ കേന്ദ്രത്തിൻ്റെ നിലവാരം മാത്രമുള്ള ഈ ആശുപത്രി ആർക്ക് വേണ്ടിയാണെന്നാണ് സാധാരണക്കാരുടെ ചോദ്യം. ഇപ്പോഴും നാല് പതിറ്റാണ്ട് മുമ്പുള്ള സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ സ്റ്റാഫ് പാറ്റേൺ മാത്രമാണ് ഇവിടെയുള്ളത്. മാറി മാറി വരുന്ന സർക്കാരുകൾ ആശുപത്രിയുടെ അടിസ്ഥാന വികസനത്തിനായി കോടികളുടെ പദ്ധതികൾ പ്രഖ്യാപിക്കാറുണ്ടെങ്കിലും ഇവയെല്ലാം പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങുന്ന കാഴ്ചയാണ് അടിമാലിക്കാർ കണ്ടത്. ഉരുൾപൊട്ടലും റോഡ് അപകടങ്ങളും അത്യാഹിതങ്ങളുമായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തുന്നവരെ 100 കിലോമീറ്റർ അകലെയുള്ള മെഡിക്കൽ കോളേജിലേയ്ക്കും സ്പെഷിലിസ്റ്റ് ആശുപത്രിയക്ക് റഫർ ചെയ്യുന്നതാണ് പതിവ്. കഴിഞ്ഞ നാലു വർഷമായി തുടരുന്നു. നിരവധി ആളുകൾ വഴി മദ്ധ്യേ മരിച്ചു വീഴുന്നു. ദേവികുളം താലൂക്കിലെ ഇടമലക്കുടി മുതൽ 12 പഞ്ചായത്തുകളും ഉടുമ്പഞ്ചോല, ഇടുക്കി താലൂക്കിലെ ഏതാനും പഞ്ചായത്തുകളിലെയും രോഗികളുടെ ഏക ആശ്രയം അടിമാലി താലൂക്ക് ആശുപത്രിയാണ്. ശരാശരി 700 രോഗികൾ ദിവസേന ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. കൂടാതെ കൊച്ചി-ധനുഷ് കോടി ദേശീയപാതയിലുള്ള ഏക ആശുപത്രി എന്ന നിലയിലും ഏറെ പ്രാധാന്യമാണ് ഉള്ളത്. ജില്ലയുടെ പ്രത്യേകത അനുസരിച്ച് അടിസ്ഥാന സൗകര്യ വികസനത്തിന് നടപടി അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമാണ്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിൽ പെട്ടിമുടി ദുരന്തത്തിൽ പരിക്കേറ്റവരെ ഇവിടെ ചികത്സിക്കാമായിരുന്നു. ഒന്നുമില്ല ഇവിടെ ഇവിടെ കിടത്തി ചികിത്സ പരിമിതമാണ്. ട്രോമ കെയർ യൂണിറ്റ്, കത്ത് ലാബ്,സർജിക്കൽ മെഡിക്കൽ ഐ.സി.യു, രക്തബാങ്ക് എന്നിവയൊന്നും ഇവിടെ ഇല്ല. 24 മണിക്കൂർ പ്രവർത്തിക്കുന്ന എക്സറേ, ഇ.സി.ജി ലാബും ഇല്ല. ജില്ലയിൽ ഏറ്റവും കൂടുതൽ പ്രസവം നടക്കുന്ന ആശുപത്രി മാണിത്. എന്നാൽ അതിന് ആവശ്യമായ ഒരു സൗകര്യങ്ങളുമില്ല. ആ 7 കോടി മാത്രം ചീയപ്പാറ ദുരന്തം ഉണ്ടായപ്പോൾ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആശുപത്രിയുടെ ദുരിതം മനസിലാക്കി ഏഴ് കോടി രൂപ അനുവദിച്ചു. ഇതു കൊണ്ട് നാലുനില കെട്ടിടം പണിതു എന്നല്ലാതെ ആവശ്യത്തിന് ഡോക്ടർമാരോ നഴ്സുമാരോ ഇല്ല. ഇവരുടെ നിയമനങ്ങളെല്ലാം ഫയലിൽ ഉറങ്ങുകയാണ്.ഈ സർക്കാർ കത്ത് ലാബ്, സർജിക്കൽ ഐ.സി.യു എന്നീ സൗകര്യങ്ങളുള്ള കെട്ടിടം നിർമ്മിക്കുന്നതിന് അനുമതി നൽകിയെങ്കിലും നിർമ്മാണ ജോലികൾ മാസങ്ങളായിട്ടും തുടങ്ങിയിട്ടില്ല.