കുറവിലങ്ങാട് : കോഴായിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കുറവിലങ്ങാട് പഞ്ചായത്ത് കനത്ത ജാഗ്രതയിൽ. മോനിപ്പള്ളിയിലെയും കോഴായിലെയും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പനി ഭേദമാകാത്തതിനെതുടർന്ന് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെ ഉഴവൂർ കെ.ആർ.നാരായണൻ മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. കോഴായിൽ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ നടന്നുവരുന്ന ആന്റിജൻ പരിശോധനയുടെ എണ്ണം വർദ്ധിപ്പിച്ചു. ഇന്നലെ രോഗിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിൽപ്പെട്ട ആറ് പേർ ഉൾപ്പടെ പരിശോധിച്ച 34 ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ വൈകിട്ട് വരെ 50 പേരുടെ ലിസ്റ്റാണ് തയാറാക്കിയത്. ആഗസ്റ്റ് 1 മുതലുള്ള സമ്പർക്കപട്ടികയാണ് തയാറാക്കുന്നത്. മെഡിക്കൽ ഓഫീസറുടെ പ്രത്യേക ആവശ്യപ്രകാരം എത്തുന്ന മൊബൈൽ ലാബ് ഇന്ന് കോഴായിൽ പരിശോധന നടത്തും. അയൽവാസികൾ, സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ, സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെയാണ് പരിശോധിക്കുക. ഓട്ടോ ഡ്രൈവറുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കം പുലർത്തിയവർ പൊലീസ്, ആരോഗ്യവകുപ്പ്, വില്ലേജ്, പഞ്ചായത്ത് അധികാരികളുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

വാർഡുതല ജാഗ്രത സമിതി തീരുമാനം

 മുറുക്കാൻ ഉൾപ്പടെയുള്ള പുകയില ഉത്പന്നങ്ങൾ നിരോധിച്ചു

ഹോട്ടലുകളിൽ ഇന്ന് മുതൽ പാഴ്‌സൽ മാത്രം

കോഴായിലെ ഓട്ടോ സ്റ്റാൻഡും, വെയ്റ്റിംഗ് ഷെഡും താത്കാലികമായി അടച്ചു

ഒരു കിലോമീറ്റർ ചുറ്റളവിൽ വഴിയോര കച്ചവടം നിരോധിച്ചു

വാർഡിലെ തൊഴിലുറപ്പ് പദ്ധതി നിറുത്തിവച്ചു