വെച്ചൂർ : പെയ്ത്ത് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാതെ കെട്ടി നിൽക്കുന്നതിനെ തുടർന്ന് ഒരു മാസത്തിലധികമായി വെള്ളത്തിൽ മുങ്ങി 100 ഓളം നിർദ്ധന കുടുംബങ്ങൾ. വെച്ചൂർ പഞ്ചായത്തിലെ നാലാം വാർഡിൽ ബണ്ട് റോഡ് ജംഗ്ഷന് കിഴക്കുഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് മാലിന്യങ്ങൾ ചീഞ്ഞളിച്ച് വൃത്തിഹീനമായ അന്തരീക്ഷത്തിൽ സാംക്രമിക രോഗ ഭീഷണിയിൽ കഴിയുന്നത്. 50 ഏക്കർ വിസ്തൃതിയിലുള്ള വലിയ കൊട്ടിയാകരി പാടശേഖരത്തിൽ കൃഷി മുടങ്ങിയതോടെയാണ് പാടശേഖരത്തിനോട് ചേർന്നും പാടശേഖരത്തിനു നടുവിലുമായി താമസിക്കുന്നവരുടെ ജീവിതം ദുരിതപൂർണമാക്കിയത്. വർഷത്തിൽ എട്ടു മാസത്തോളം തങ്ങൾ വെള്ളത്തിൽ കഴിയുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. വീടുകളിൽ നിന്നു പുറത്തെത്താൻ കുടുംബങ്ങൾ ചെറുവള്ളങ്ങളെടുത്തിട്ടിരിക്കുകയാണ്. വെച്ചൂർ പഞ്ചായത്ത് ഓഫിസ് മുതൽ ബണ്ട് റോഡ് വരെയുള്ള പ്രധാന റോഡ് ഉൾപ്പെടുന്ന ഭാഗത്തെ പെയ്ത്തു വെള്ളം കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ താഴ്ന്ന സ്ഥലത്തേയ്ക്കാണ് വന്നു പതിക്കുന്നത്.കഴിഞ്ഞ ഒരു മാസമായി വെള്ളം കെട്ടി നിൽക്കുന്ന വീടുകളിലെ ശൗചാലയങ്ങൾ ഉപയോഗിക്കാനാവുന്നില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ കഴിയാതെ വന്നതോടെ ചില കുടുംബങ്ങൾ ബന്ധുവീടുകളിലേയ്ക്ക് മാറി. മറ്റ് സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കാൻ മാർഗമില്ലാത്തവർ മലിനമായ ചുറ്റുപാടിൽ യാതന നിറഞ്ഞ ജീവിതം നയിക്കുകയാണ്. സമീപ സ്ഥലങ്ങളിൽ കൊവിഡ് വ്യാപനമുണ്ടായതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടാനും ഇവർക്ക് ഭയമാണ്. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരടക്കം സാധാരണക്കാരായ കൂലിവേലക്കാരാണ് ഇവിടെ കഴിയുന്നതെങ്കിലും കഴിഞ്ഞ പ്രളയത്തിലെ സർക്കാർ ധനസഹായം പോലും അർഹതപ്പെട്ട പലർക്കും കിട്ടിയില്ല.