വൈക്കം : കുഴഞ്ഞുവീണു മരിച്ച പൊതുപ്രവർത്തകന് പോസ്റ്റ്‌മോർട്ടത്തിനും സംസ്‌കാരത്തിനും ശേഷം കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ പ്രവർത്തകരും പൊലീസും നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധി പേർ നിരീക്ഷണത്തിലായി. ഉദയനാപുരം ഇത്തിപ്പുഴ ചാക്കാട്ടിൽ സി.ആർ.രാജേഷ് (46) ആണ് 9 ന് രാത്രി മരിച്ചത്. വീട്ടിൽ കുഴഞ്ഞുവീണ രാജേഷിനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനും മറ്റ് നടപടികൾക്കുമായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 10 ന് രാവിലെ കൊവിഡ് പരിശോധനയ്ക്കായി ശ്രവമെടുത്തു. വൈകിട്ടോടെ ട്രൂനാറ്റ് പരിശോധനയുടെ കൊവിഡ് നെഗറ്റീവാണെന്ന ഫലം വന്നു. ഇതോടെ 11ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വീട്ടിൽ നടന്ന സംസ്‌കാര ചടങ്ങിൽ ജനപ്രതിനിധികളടക്കം ധാരാളമാളുകൾ പങ്കെടുത്തിരുന്നു.എന്നാൽ 12 ന് രാവിലെ വന്ന ആർ.ടി.പി.സി. ആർ പരിശോധനയുടെ ഫലം കൊവിഡ് പോസിറ്റീവാണെന്നായിരുന്നു. ഈ പരിശോധനയ്ക്കാണ് ട്രൂനാറ്റിനെ അപേക്ഷിച്ച് കൃത്യത കൂടുതൽ.
ഇത് വലിയ ആശങ്കക്കിടയാക്കി. പോസ്റ്റ്‌മോർട്ടം ചെയ്ത താലൂക്ക് ആശുപത്രിയിലെ ഡോക്ടറും ജീവനക്കാരും ഇൻക്വസ്റ്റ് തയ്യാറാക്കിയ ഒരു എസ്.ഐയും മൂന്ന് പൊലീസുകാരും സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ബന്ധുക്കളും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അടക്കം നിരവധി പൊതുപ്രവർത്തകരും നാട്ടുകാരുമെല്ലാം നിരീക്ഷണത്തിലായി. സി.പി.എം പ്രവർത്തകനായിരുന്ന രാജേഷ് 9 ന് പകൽ പാർട്ടി ബ്രാഞ്ച് കമ്മറ്റി യോഗത്തിലും പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് യോഗം ചേർന്നതെങ്കിലും അന്ന് പങ്കെടുത്തവരെല്ലാം സ്വയം നിരീക്ഷണത്തിലായി.