adimaly-ci
ചിത്രം.അടിമാലി സ്വദേശികളായ ജിബിന്‍, അസില്‍ , അനന്തു, വിഷ്ണു എന്നിവരെ അടിമാലി സി.ഐ. അനില്‍ ജോര്‍ജിന്റെ നേത്യത്യത്തിലുള്ള സംഘം പിടികൂടുന്നു.

അടിമാലി: കഞ്ചാവ് കേസിൽ പിടികൂടിയ യുവാവിനെ ജാമ്യത്തിൽ ഇറക്കാൻ എത്തിയ സംഘം നാർകോട്ടിക് ഓഫീസിൽ അക്രമം നടത്തി.സംഭവത്തിൽ നാല് യുവാക്കളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. അടിമാലി പഴയ റോഡിൽ താമസിക്കുന്ന രാഹുൽ എന്ന യുവാവിനെ പത്ത് ഗ്രാം കഞ്ചാവുമായി നാർകോട്ടിക് സംഘം ഇന്നലെ ഉച്ചയോടെ പിടികൂടി. രാഹുലിനെ ജാമ്യത്തിൽ ഇറക്കാനെന്ന് പറഞ്ഞ് നാല് മണിയോടെ രാഹുലിന്റെ സുഹൃത്തുക്കളായ നാല് യുവാക്കൾ നാർകോട്ടിക്ക് ഓഫീസിൽ എത്തി. ഇവർ ഓഫീസിലെ ജീവനക്കാരുമായി വാക്കേറ്റം ആരംഭിച്ചു.തുടർന്ന് ഇവർ ഹെൽമറ്റ് വെച്ച് ഉദ്യോഗസ്ഥരെ അക്രമിക്കാൻ ശ്രമിക്കുകയും ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.ഇതോടെ നാർക്കോട്ടിക്ക് സി.ഐ. എം.കെ. പ്രസാദ് അടിമാലി പൊലീസിനെ വിവരം അറിയിച്ചു.പൊലീസ് വരുന്നതറിഞ്ഞ് അക്രമികൾ സമീപത്തെ പള്ളി കാട്ടിൽ ഒളിച്ചു. തുടർന്ന് പൊലീസ് സാഹസികമായി അടിമാലി സ്വദേശികളായ ജിബിൻ, അസിൽ, അനന്തു, വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു. അടിമാലി സി.ഐ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.ഇതിനിടെ ജിബിൻ കുഴഞ്ഞ് വീണതോടെ ഇയാളെ ആശുപത്രിയിലാക്കി. കസ്റ്റഡിൽ എടുത്തവർ നേരത്തേയും കഞ്ചാവ് കേസിൽ പ്രതികളാണെന്ന് നാർകോട്ടിക് സി.ഐ. പറഞ്ഞു.