കോട്ടയം: കുറവിലങ്ങാട്ടെ സപ്ലൈകോ ഗോഡൗണിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ നീക്കിത്തുടങ്ങി. വെള്ളം കയറി ആറു ദിവസങ്ങൾ കഴിഞ്ഞാണ് അരിയും മറ്റ് സാധനങ്ങളും മാറ്റുന്നത്. ഇതിനോടകം വെള്ളം കയറി ലക്ഷക്കണക്കിന് രൂപയുടെ ഭക്ഷ്യധാന്യങ്ങൾ നശിച്ചുകഴിഞ്ഞു. കുറവിലങ്ങാട് ടൗണിൽ പാടത്തോട് ചേർന്ന് പാറ്റാനി ജംഗ്ഷനിലുള്ള സപ്ലൈകോയുടെ ഗോഡൗണിലാണ് അരിയും ആട്ടയും ഗോതമ്പും നശിച്ചത്. മീനച്ചിൽ താലൂക്കിലേക്ക് വിതരണത്തിനായി ശേഖരിച്ചതാണ് ഇവ. അയ്യായിരത്തിലധികം ചാക്ക് അരിയാണ് നശിച്ചത്. 170 ലോഡ് അരിയായിരുന്നു ഗോഡൗണിൽ ഉണ്ടായിരുന്നത്. ഇതിൽ പകുതിയോളം ഇന്നലെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റി.
ഗോഡൗണിൽ മൂന്നരയടിയോളം വെള്ളം കെട്ടിക്കിടപ്പുണ്ട്. ഇതോടെ അടിയിലെ മൂന്ന് ലെവൽ ചാക്ക് അരി പൂർണമായും നശിച്ചു. ബാക്കി അരിക്ക് തണുപ്പ് ബാധിച്ചതിനാൽ ഉപയോഗിക്കാൻ സാധിക്കുമോയെന്ന് അറിയില്ല. മീനച്ചിൽ താലൂക്കിലെ മുഴുവൻ റേഷൻ കടകൾക്കും വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യമാണ് അധികാരികളുടെ സൂഷ്മതയില്ലായ്മ മൂലം നശിച്ചത്.
ഗോഡൗണിൽ വെള്ളം കയറിയതോടെ കുറച്ച് ഭക്ഷ്യധാന്യം നശിച്ചതായി അധികൃതർ വ്യക്തമാക്കി. എന്നാൽ ഭക്ഷ്യധാന്യ വിതരണത്തെ ദോഷമായി ബാധിക്കില്ലെന്നും ആവശ്യത്തിന് ഭക്ഷ്യധാന്യം സ്റ്റോക്ക് ഉണ്ടെന്നും റേഷൻ വിതരണത്തെ ഒരുതരത്തിലും ബാധിക്കില്ലെന്നും താലൂക്ക് സപ്ലൈ ഓഫീസർ വ്യക്തമാക്കി. ആഗസ്റ്റ്, സെപ്തംബർ മാസത്തേക്ക് വിതരണത്തിനായി ശേഖരിച്ചുവച്ച അരിയാണ് വെള്ളംകയറി നശിച്ചത്.