milk

കോട്ടയം: കേരളത്തിൽ പാൽ ഉത്പാദനത്തിൽ റെക്കാഡ് കുതിപ്പ്. പ്രതിദിനം ക്ഷീര സൊസൈറ്റികളിൽ നിന്നും മിൽമ ശേഖരിക്കുന്നത് 13 ലക്ഷം ലിറ്റർ പാൽ. അതേസമയം, കൊവിഡ് വ്യാപനത്തെ തുടർന്ന് കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കൂടിവരുന്നത് വിൽപ്പനയെ നേരിയ തോതിൽ ബാധിച്ചിട്ടുണ്ട്. മഴക്കാലമായതോടെ പാലിന്റെ ഉത്പാദനം കൂടി. കോട്ടയത്ത് ക്ഷീര സൊസൈറ്റികളിൽ നിന്നും കഴിഞ്ഞ ദിവസം ശേഖരിച്ചത് 51,000 ലിറ്റർ പാലാണ്. ക്ഷീര കർഷകരെ സഹായിക്കാൻ മുഴുവൻ പാലും സൊസൈറ്റികൾ വഴി മിൽമ ശേഖരിക്കുന്നുണ്ട്.

കഴിഞ്ഞവർഷം 12.5 ലക്ഷം ലിറ്റർ പാലാണ് കർഷകരിൽ നിന്നും മിൽമ ശേഖരിച്ചിരുന്നത്. മുൻവർഷങ്ങളിൽ ആവശ്യത്തിന് തികയാതെ വന്നിരുന്നതോടെ തമിഴ്നാടിനെയും കർണാടകയേയും ആശ്രയിക്കേണ്ടി വന്നിരുന്നു. ഇക്കുറി അത് വേണ്ടിവരുമെന്ന് തോന്നുന്നില്ലെന്നാണ് മിൽമ അധികൃതർ വ്യക്തമാക്കുന്നത്.

മലബാർ മേഖലയിൽ പാൽ ഉത്പാദനം മൂന്നിലൊന്ന് വർദ്ധിച്ചിട്ടുണ്ട്. കേരളത്തിൽ ഇപ്പോൾ ഏറ്റവും കൂടുതൽ പാൽ ഉത്പാദിപ്പിക്കുന്നത് മലബാർ മേഖലയിലാണ്. അത്യാവശ്യ ഘട്ടങ്ങളിൽ അവിടെനിന്നും കോട്ടയം, എറണാകുളം യൂണിറ്റുകൾ പാൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നുണ്ട്. മഴ പെയ്തതോടെ പുല്ലിന്റെ ലഭ്യത കൂടിയതും പാൽ ഉത്പാദനം വർദ്ധിക്കാൻ കാരണമായി. ഉത്പാദനം കൂടിയതോടെ മിൽമ ചില കേന്ദ്രങ്ങളിൽ സംഭരണം കുറച്ചിരുന്നു. എന്നാൽ, കർഷകർ പരാതിപ്പെട്ടതോടെ മുഴുവൻ പാലും സംഭരിച്ചുതുടങ്ങി.

ലോക്ക് ഡൗണിനെ തുടർന്ന് ഹോട്ടലുകളും ചായക്കടകളുമൊക്കെ അടഞ്ഞുകിടക്കുന്നത് പാൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്. ഇനി ഓണത്തിന് രണ്ടാഴ്ചയേയുള്ളു. അതോടെ ആവശ്യക്കാർ കൂടുമെന്നാണ് പ്രതീക്ഷ. പാൽ ഉത്പാദനം കൂടിയതിനാൽ ഇക്കുറി ഓണത്തിന് മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരില്ലെന്നാണ് മിൽമയുടെ പ്രതീക്ഷ.