കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക പുതുക്കൽ ജോലികൾ പൂർത്തിയാകും മുമ്പേ കോട്ടയത്ത് രാഷ്ട്രീയ പോര് തുടങ്ങി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ , മുട്ടമ്പലം നഗരസഭാ ശ്മശാനം ഉൾപ്പെടുന്ന പ്രദേശത്തെ ബി.ജെ.പി വാർഡ് കൗൺസിലർ ടി.എൻ.ഹരികുമാർ എന്നിവർ കൊവിഡ് വന്നു മരിച്ചയാളുടെ മൃതദേഹത്തെ അപമാനിച്ചുവെന്നാരോപിച്ച് തിരുവഞ്ചൂരിന്റെയും ഹരികുമാറിന്റെയും പടം വച്ചുള്ള ഫ്ലക്സ് ഇടതുമുന്നണി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിൽ സ്ഥാപിച്ചതിന് പിന്നാലെയാണ് മണർകാട് വിവാദ ചീട്ടുകളി ക്ലബ്ബിന്റെ സംരക്ഷകൻ സി.പി.എം നേതാവെന്നാരോപിച്ചുള്ള ഫ്ലക്സ് കോൺഗ്രസ് സ്ഥാപിച്ചത്.
മൃതദേഹത്തെ അപമാനിച്ച ഇവർ ജനപ്രതിനിധികളോ !... സർക്കാർ ശ്മശാനത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ബി.ജെ.പിയും കോൺഗ്രസും കൂടി തടഞ്ഞത് എന്തിന് ?.നാളെ നമ്മളിലാരെങ്കിലും മരിച്ചാൽ ...സംസ്കരിക്കാൻ ഇവർ സമ്മതിക്കുമോ ? കോട്ടയം മാത്രമല്ല കേരളമാകെ മറുപടിക്കായി കാതോർക്കുന്നുവെന്നാണ് തിരുവഞ്ചൂർ, ഹരികുമാർ എന്നിവരുടെ ഫോട്ടോയോടു കൂടിയ ഇടതു മുന്നണിയുടെ ഫ്ലക്സിൽ പറയുന്നത്. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടേതായി വച്ച ഫ്ലക്സിൽ ചീട്ടുകളി ക്ലബ്ബിലെ സി.പി.എം തുറുപ്പ് ഗുലാൻ ആര്? സിപി.എം മറുപടി പറയണമെന്നാണ് ആവശ്യം . നേതാവിന്റെ ചിത്രത്തിന് പകരം ചീട്ടിലെ തുറുപ്പ് ഗുലാൻ ചിത്രം വരച്ചുവച്ചിട്ടുണ്ട്.
കോട്ടയം നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികൾ രാഷ്ട്രീയത്തിന്റെ പേരിൽ അട്ടിമറിക്കുന്നുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പത്രസമ്മേളനം നടത്തി ആരോപിച്ചിരുന്നു. ശീമാട്ടി റൗണ്ടാനയിലെ ആകാശ പാതയുടെ പണി മാസങ്ങളായി സ്തംഭിച്ചു കിടക്കുന്നതിനെ പരിഹസിച്ച് അവിടെ ഊഞ്ഞാൽ കെട്ടിയും പച്ചക്കറി കൃഷി നടത്തിയും സി.പി.എമ്മും വാഴവെച്ച് ബി.ജെ.പിയും പ്രതിഷേധ സമരം നടത്തിയിരുന്നു. അതേ സമയം ശാസ്ത്രി റോഡ് നാലുവരി പാത, കെ.എസ്.ആർ.ടി.സി കോംപ്ലക്സ് നിർമാണം അടക്കം വിവിധ വികസന പദ്ധതികളുമായി തിരുവഞ്ചൂർ മുന്നോട്ടു പോവുകയാണ്.
പൊതു സ്ഥലങ്ങളിൽ ഫ്ലക്സ് വയ്ക്കുന്നത് കോടതി നിരോധിച്ചിട്ടും നവംബറിന് മുമ്പ് തദ്ദേശ തിരഞ്ഞെടുപ്പ് കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചതോടെ ആദ്യ ഘട്ട രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായാണ് കോട്ടയത്ത് വിവാദ വിഷയങ്ങളായ കൊവിഡ് ശവമടക്കും മണർക്കാട്ട് ഉന്നത രാഷട്രീയ, പൊലീസ് ബന്ധമുള്ള ചീട്ടുകളിയും വിഷയമാക്കിയ ഫ്ലക്സ് നിരത്തിയുള്ള പോരാട്ടം.