രാമപുരം : വകാര്യ വ്യക്തി കുടിവെള്ള പൈപ്പുകൾ തകർത്തതോടെ മഴക്കാലത്തും കുടിവെള്ളം കിട്ടാതെ മരങ്ങാട്ടിൽ എഴുപതോളം കുടുംബങ്ങൾ. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് പത്ത് വർഷം മുൻപ് അനുവദിച്ച സെൻട്രൽ മരങ്ങാട് കുടിവെള്ള പദ്ധതിയുടെ ജലസംഭരണിയിലേക്കുള്ള പ്രധാന പൈപ്പുകൾ പോകുന്ന ഓട സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയതിന് ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയപ്പോഴാണ് പൈപ്പുലൈനുകൾ പൊട്ടിയത്.

മരങ്ങാട് തോടിന് സമീപം മുണ്ടയ്ക്കൽ പുരയിടത്തിലാണ് പദ്ധതിയുടെ കുളം നിർമ്മിച്ചിരിക്കുന്നത്. കുളത്തിൽ നിന്ന് ഒരു കിലോമീറ്ററോളം ദൂരത്തിൽ മരങ്ങാട് കുന്നപ്പിള്ളി റോഡിൽ ഇളന്തിക്കുന്നേൽ പുരയിടത്തിലാണ് ഒരുലക്ഷത്തോളം ലിറ്റർ സംഭരണശേഷിയുള്ള ടാങ്ക് സ്ഥിതി ചെയ്യുന്നത്. പ്രധാന പൈപ്പാണ് തകർത്തത്. അറ്റകുറ്റപ്പണിക്കായി വന്ന കുടിവെള്ള പദ്ധതി ഭാരവാഹികളെ സ്വകാര്യ വ്യക്തി അനുവദിക്കാത്തതിനാൽ 15 ദിവസമായി മരങ്ങാട് ഫറൂക്ക് കുന്നേൽ കോളനിയിലെയടക്കം കുടുംബങ്ങൾ കുടിവെള്ളമില്ലാതെ വിഷമിക്കുകയാണ്. വൃദ്ധരും, ഹോം ക്വാറന്റൈനിൽ കഴിയുന്നവരും ഉൾപ്പെടെ നിരവധി ആളുകൾ ഇവിടെയുണ്ട്.