flood

കോട്ടയം: മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ പുനർ സംയോജന പദ്ധതി പ്രളയ നിയന്ത്രണത്തിന് സഹായകമായെന്ന് വിലയിരുത്തൽ. മീനച്ചിലാറുമായി ബന്ധപ്പെട്ട 3000 കിലോമീറ്റർ ദൂരം തോടുകളാണ് സംരക്ഷിക്കാനുള്ളത് .അതിൽ 1500 കിലോമീറ്ററിൽ തെളിച്ചു. അതിന്റെ പ്രയോജനവും ഇക്കുറി മഴക്കാലത്ത് ലഭിച്ചു .

ജൂൺ ഒന്നു മുതൽ ആഗസ്റ്റ് ഒമ്പതു വരെ 24 ശതമാനം അധിക മഴ ലഭിച്ചപ്പോൾ മീനച്ചിലാറ്റിൽ 2018ലെ മഹാപ്രളയത്തേക്കാൾ അഞ്ചടിയിലേറെ ജലനിരപ്പ് പൂഞ്ഞാറിലും ഈരാറ്റുപേട്ടയിലും ഉയർന്നു. പാലായിൽ 2018 ലേതിനേക്കാൾ മൂന്നരയടി ഉയരത്തിൽ വെള്ളം കയറി. എങ്കിലും തോടുകൾ തെളിച്ചത് വെള്ളപ്പൊക്ക നിയന്ത്രണത്തിന് ഗുണകരമായി. അതി തീവ്ര മഴ പെയ്തിട്ടും, വെള്ളം ഒഴിഞ്ഞു പോകാൻ വഴികൾ തെളിഞ്ഞിരുന്നതിനാൽ മുന്നൊരുക്കത്തിന് അവസരം കിട്ടി. 2018ലേക്കാൾ താഴെ മാത്രമാണ് പല സ്ഥലത്തും ജലനിരപ്പ് എത്തിയത്. ഇത് വെള്ളം വേഗത്തിൽ ഒഴിത്തു പോവുന്നതിനും സഹായകരമായി. ഹരിത കേരള മിഷന്റെ ഭാഗമായി പ്രളയ രഹിത കോട്ടയം പദ്ധതിക്കായി രണ്ടര കോടി രുപ സി.എം.ഡി ആർ.എഫിൽ നിന്നും അനുവദിച്ചതാണ് പദ്ധതിക്ക് സഹായകമായത്. അസാധാരണ വെള്ളപ്പൊക്കമാണ് പാമ്പാടിയിലുണ്ടായത്. അതിതീവ്രമഴയാണ് കാരണം. വെള്ളൂർ തോട് അടഞ്ഞു പോയത് ദുരിതത്തിന് ആക്കം കൂട്ടി. അത് പടിഞ്ഞാറോട്ട് ഒഴുകിപ്പോകേണ്ടത് മീനന്തറയാറ്റിലേക്കാണ്. വടവാതൂരിൽ ബണ്ട് റോഡ് ഉയർത്തിയതോടെ നീരൊഴുക്കിനുണ്ടായ തടസമാണ് പാലമുറിയിൽ ദുരന്തം വരുത്തിയത്.

വെള്ളക്കെട്ടിനു കാരണം

 വെള്ളമൊഴുകാൻ സൗകര്യം ഇല്ലാതെ നിർമ്മിച്ച മൂവാറ്റുപുഴ - പട്ടിത്താനം പാത

കുറവിലങ്ങാട്, വെമ്പള്ളി പ്രദേശങ്ങളെ വെള്ളത്തിനടിയിലാക്കി .

 മീനച്ചിലാറ്റിലേക്ക് വെള്ളമെത്തിക്കുന്ന കട്ടച്ചിറ തോട്ടിൽ കോഴ മുതൽ വെമ്പള്ളി വരെയുള്ള കൈയേറ്റങ്ങൾ എം.സി റോഡിലെ വെള്ളക്കെട്ടിന് കാരണം.

 കോട്ടയം കോടിമത നാലുവരിപ്പാത നിർമിച്ചപ്പോൾ കുറുകെയുണ്ടായിരുന്ന മൂന്നു തോടുകൾ തകർന്നു. ഈരയിൽ കടവ് ബൈപാസിൽ തോടുകൾക്ക് അപ്രാച്ച് റോഡില്ലാതെയാണ് പാലങ്ങൾ പണിതത്.

ഒരോ സ്ഥലങ്ങളിലും തടസങ്ങൾ അടയാളപ്പെടുത്തി ജനകീയ കൂട്ടായ്മയുടെ ഇടപെടൽ ശക്തമാക്കും . പഴുക്കാനിലക്കായൽ തെളിച്ചെടുക്കുന്നതിന് കിഫ് ബി പദ്ധതി ആവിഷ്ക്കരിച്ചു .പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ജനകീയ കൂട്ടായ്മ പുതിയ പദ്ധതി തയ്യാറാക്കും.

അഡ്വ. കെ.അനിൽകുമാർ , മീനച്ചിലാർ - മീനന്തറയാർ -കൊടൂരാർ

പുനർ സംയോജന പദ്ധതി കോ- ഒാർഡിനേറ്റർ

മീനച്ചിലാറുമായി ബന്ധപ്പെട്ട

തോടുകൾ തെളിക്കേണ്ടത്

3000 കിലോമീറ്റർ

തെളിച്ചത് 1500 കിലോമീറ്റർ