farm

കോട്ടയം: കൂട് തകർത്ത് അജ്ഞാത ജീവി 1420 കോഴികളെ കൊന്നു . പാത്താമുട്ടം കുഴിയാത്ത് മാത്യു കെ.ഐപ്പിന്റെ വീട്ടുമുറ്റത്തെ ഫാമിൽ കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.

രാത്രി അസ്വാഭാവിക ശബ്ദം കേട്ടെങ്കിലും വീട്ടുകാർ ശ്രദ്ധിച്ചിരുന്നില്ല. രാവിലെ നോക്കിയപ്പോഴാണ് മുട്ടക്കോഴികളും കുഞ്ഞുങ്ങളും ചത്തുകിടക്കുന്നത് കണ്ടത്. അജ്ഞാത ജീവിയുടെ ആക്രമണത്തിലാണ് കോഴികൾ ചത്തതെന്ന് പരിശോധന നടത്തിയ മൃഗാശുപത്രി അധികൃതർ പറയുന്നു. 1.70 ലക്ഷം രൂപയുടെ നഷ്‌ടമുണ്ടായി.
പനച്ചിക്കാട് വെറ്ററിനറി സർജൻ ഡോ.സരിത മാനസിയുടെ നേതൃത്വത്തിൽ കോഴികളുടെ ജഡം പോസ്റ്റ്‌മോർട്ടം നടത്തി. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഓഫീസിലും എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും പരാതി നൽകിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് കുഴിമറ്റം മയിലാടുംപാറയിൽ 12 ആടുകൾ അജ്ഞാത ജീവിയുടെ ആക്രമണത്തിൽചത്തിരുന്നു.