രാമപുരം : പ്രസിദ്ധമായ കുറിഞ്ഞി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മുഖപ്പിലെ ശില്പങ്ങൾക്ക് പുതുവർണം പകരുന്നു. 150 വർഷം പഴക്കമുള്ള കൊത്തുപണികൾക്കാണ് പാരമ്പര്യ ചുവർ ചിത്രശൈലിയിൽ വർണങ്ങൾ കൊടുക്കുന്നത്. ആന, മുതല, സർപ്പം തുടങ്ങിയവ ഉൾപ്പെടുത്തി മൃഗമാല സങ്കൽപ്പത്തിലാണ് ക്ഷേത്രത്തിലെ കൊത്തുപണികൾ ചെയ്തിട്ടുള്ളത്. ശിൽപങ്ങൾക്കും കൊത്തുപണികൾക്കും പാരമ്പര്യ രീതിയിൽ വർണങ്ങൾ നൽകുന്നതിനുള്ള കോഴ്‌സ് ഗുരുവായൂർ ദേവസ്വം ചിത്ര പഠന കേന്ദ്രത്തിൽ നിന്ന് പൂർത്തിയാക്കിയ അനുരാഗ് കൊണ്ടൂരും സഹോദരൻ ശ്രീനാഥും ചേർന്നാണ് പെയിന്റിംഗ് ചെയ്യുന്നത്. ഗുരുവായൂർ ക്ഷേത്രം, കവിയൂർ ഹനുമാൻ സ്വാമി ക്ഷേത്രം, മാന്നാർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കിടങ്ങൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, ളാക്കാട്ടൂർ ശിവപാർവ്വതി ക്ഷേത്രം, മാവേലിക്കര പുതിയകാവ് ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ ചെയ്തിട്ടുള്ള കലാകാരനാണ് അനുരാഗ്.