fire

തലയോലപ്പറമ്പ്: അമ്പതോളം ഒഴിഞ്ഞ പാചകവാതക സിലിണ്ടറുകളുമായി പോവുകയായിരുന്ന ലോറിക്ക് ഓട്ടത്തിനിടെ തീപിടിച്ചു. ഡ്രൈവ‌ർക്യാബിനുൾപ്പെടെയുള്ള മുൻഭാഗം പൂർണമായും കത്തി നശിച്ചു. അപകടത്തിൽ ആളപായമില്ല. ഇന്നലെ രാവിലെ 10 മണിയോടെ നീർപ്പാറ അസീസി അന്ധ ബധിര വിദ്യാലയത്തിന് സമീപമായിരുന്നു അപകടം. ഡീസൽ ടാങ്കിലേയ്ക്ക് തീ പടരാതിരുന്നത് വൻദുരന്തം ഒഴിവാക്കി. ഷോർട്ട് സർക്യൂട്ടാകാം അപകടകാരണമെന്നാണ് പൊലീസ് പറയുന്നത്.

കോട്ടയത്തുനിന്ന് ഇരുമ്പനത്തെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റിലേയ്ക്ക് മടങ്ങുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. മുൻവശത്തുനിന്ന് തീയും പുകയും ഉയരുന്നതുകണ്ട് വാഹനം ഓടിച്ചിരുന്ന സംക്രാന്തി വട്ടമുകൾ വീട്ടിൽ രാഹുൽ (34) ലോറി റോഡരികിൽ ചേർത്തുനിർത്തുകയായിരുന്നു. ഇയാൾ പുറത്തേക്കിറങ്ങിയ ഉടനെ വാഹനത്തിന്റെ മുൻവശത്ത് തീ ആളിപ്പടർന്നു. ഓടിയെത്തിയ നാട്ടുകാർ സമീപത്തെ വർക്ക് ഷോപ്പിൽ നിന്നും സ്കൂളിൽ നിന്നും മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ ഡീസൽ ടാങ്കിലേക്കും സിലണ്ടറിലേക്കും പടരുന്നത് തടഞ്ഞു. തീപടരുന്നതിന് മുകളിൽ വൈദ്യുതിലൈനുണ്ടായിരുന്നതും പരിഭ്രാന്തി പടർത്തി. തുടർന്ന് അഗ്‌നിശമന സേനയുടെ വൈക്കം, മുളന്തുരുത്തി, തൃപ്പുണിത്തുറ യൂണിറ്റുകളെത്തിയാണ് തീ അണച്ചത്. പൊലീസും സ്ഥലത്തെത്തി. തലയോലപ്പറമ്പ് - എറണാകുളം റോഡിൽ രണ്ട് മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈക്കം അസി.സ്റ്റേഷൻ ഓഫീസർ ടി.ഷാജികുമാർ, മുളന്തുരുത്തി സ്റ്റേഷൻ ഓഫീസർ കെ.ആർ. സുരേന്ദ്രൻ, തൃപ്പുണിത്തുറ സ്റ്റേഷൻ ഓഫീസർ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ അണച്ചത്. സംഭവത്തെ തുടർന്ന് മറ്റു വാഹനങ്ങൾ പാലംകടവ് തട്ടാവേലി വഴിയാണ് കടത്തിവിട്ടത്.