കോട്ടയം : ജില്ലയിലെ മത്സ്യ മാർക്കറ്റുകൾ അടക്കമുള്ള എല്ലാ വിപണന കേന്ദ്രങ്ങളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ജാഗ്രതാ സമിതികൾ രൂപീകരിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിയാണ് കമ്മിറ്റി കൺവീനർ. തഹസിൽദാരോ ഇദ്ദേഹത്തിന്റെ പ്രതിനിധിയോ, വ്യാപാരി വ്യവസായി സംഘടനയുടെയും കയറ്റിറക്ക് തൊഴിലാളി സംഘടനയുടെയും പ്രതിനിധികൾ, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറും, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥനും കമ്മിറ്റിയിൽ അംഗങ്ങളാണ്. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ മാർക്കറ്റ് അടപ്പിക്കും.

ക്രമീകരണങ്ങൾ ഇങ്ങനെ

പ്രവേശനത്തിനും പുറത്തേയ്‌ക്കും പോകാൻ പ്രത്യേകം വഴികൾ

മാർക്കറ്റുകളിലെ സമയം മുൻകൂട്ടി നിശ്ചയിക്കണം

വാഹനങ്ങളുടെ എണ്ണം വലുപ്പം അനുസരിച്ച് നിശ്ചയിക്കണം

മാർക്കറ്റിൽ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ല

പ്രവേശിക്കുന്ന സ്ഥലത്ത് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം

ചരക്കു വാഹനങ്ങൾ അണുവിമുക്തമാക്കണം

വാഹനങ്ങൾ മാർക്കറ്റിൽ കയറുമ്പോൾ മുതൽ ഇറങ്ങുമ്പോൾ വരെയുള്ള റൂട്ട് മാപ്പ്

മത്സ്യമാർക്കറ്റുകളിൽ ലേലം പൂർണമായും ഒഴിവാക്കണം.

സർക്കാർ വില നിശ്ചയിച്ച് വിൽപ്പന നടത്തണം

തൊഴിലാളികൾ യൂണിഫോം അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, മാസ്‌ക്, ഗംബൂട്ട്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കണം

പുറത്ത് നിന്നെത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണം

മാർക്കറ്റുകളിൽ കൈകാര്യം ചെയ്യുന്ന കത്തികളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കണം.
മൊത്ത വ്യാപാരികൾ ഓരോ ദിവസവും സ്ഥാപനത്തിൽ ലോഡ് ഇറക്കുന്ന തൊഴിലാളികളുടെ പേരു വിവരവും ഫോൺ നമ്പരുകളും എഴുതി സൂക്ഷിക്കണം.

എല്ലാ കടകളിലും ഓരോ ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും മേൽവിലാസവും ഫോൺനമ്പരും ഉടമകൾ എഴുതി സൂക്ഷിക്കണം.

പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ മാർക്കറ്റിൽ പ്രവേശിപ്പിക്കാൻ പാടില്ല

വിൽപ്പനയ്ക്കുള്ള മത്സ്യം തറയിൽ വയ്ക്കാൻ പാടില്ല