കുറവിലങ്ങാട് : കോഴാ സ്റ്റാൻഡിലെ ഓട്ടോറിക്ഷ ഡ്രൈവർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെതുടർന്ന് സമ്പർക്കപട്ടികയിൽ ഉൾപ്പെട്ട 71 പേരുടെ ആന്റിജൻ പരിശോധന നടത്തി. മൊബൈൽ ലാബിൽ കോഴായിലെ വിവിധ കേന്ദ്രങ്ങളിലായിരുന്നു പരിശോധന. പരിശോധന ഇന്നും തുടരും. സമൂഹവ്യാപന സാധ്യത പറയാറായിട്ടില്ലെന്നും, കൂടുതൽ ജാഗ്രതയോടെ പരിശോധനകൾ തുടരുമെന്നും മെഡിക്കൽ ഓഫീസർ ഡോ.സാം പോൾ അറിയിച്ചു. ഇതിനിടയിൽ സമീപവാസികളിലും കടയുടമകളിലും പെട്ട ചിലർക്ക് കൊവിഡ് ബാധിച്ചെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഔദ്യോഗിക അറിയിപ്പ് ഇല്ലാത്ത വാർത്തകൾ വിശ്വസിക്കരുതെന്നും പ്രത്യേക താത്പര്യത്തോടെ ആരെങ്കിലും വ്യാജ വാർത്തകൾ പ്രചരിപ്പിച്ചാൽ നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കൊവിഡ് രോഗി കുറവിലങ്ങാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെന്ന വാർത്ത വ്യാജമാണെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു.

പ്രതിരോധ ഹോമിയോ മരുന്ന് വിതരണം
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി റോട്ടറി ക്ലബിന്റെ നേതൃത്വത്തിൽ പ്രതിരോധശേഷി വർധിപ്പിക്കുന്നതിനുള്ള ഹോമിയോ മരുന്ന് സൗജന്യമായി വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ കുറവിലങ്ങാട് സർവീസ് സഹകരണ ബാങ്ക് കോഴാ ശാഖയുടെ മുന്നിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മരുന്ന് വിതരണം.