വൈക്കം : പാടശേഖരത്തിൽ കൃഷി നടക്കാത്തതിനാൽ മൂന്നു കോളനികളിലടക്കം 200 കുടുംബങ്ങൾ മഴക്കാലത്ത് മാസങ്ങളോളം വെള്ളക്കെട്ട് ദുരിതം പേറുന്നു. തലയാഴം പഞ്ചായത്തിലെ 9,10 വാർഡുകളിൽ ഉൾപ്പെട്ട മംഗലത്തുകരി കിഴക്കുപുറം പാടശേഖരത്തിൽ കൃഷിയിറക്കാനാവാത്തതാണ് പ്രദേശത്തെ നിർദ്ധന കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നത്.

40 ഏക്കർ വരുന്ന പാടശേഖരത്തിൽ 20 ഏക്കറിൽ ഇപ്പോൾ നെൽകൃഷി ചെയ്യാൻ കഴിയൂ. ശേഷിക്കുന്ന സ്ഥലത്ത് പച്ചക്കറി, വാഴ കൃഷി, മത്സ്യക്കൃഷി എന്നിവയാണ് നടത്തുന്നത്. മോട്ടോർ ഇല്ലാതിരുന്നതിനാൽ രണ്ടുവർഷത്തോളം മോട്ടോർ വാടകയ്‌ക്കെടുത്താണ് പാടത്തെ വെള്ളം പുറന്തള്ളിയത്. പ്രദേശവാസികളുടെ വെള്ളക്കെട്ട് ദുരിതം പരിഹരിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി മുൻകൈയെടുത്ത് മോട്ടോർ നൽകുകയും ജില്ലാ പഞ്ചായത്ത് മെമ്പർ പി.സുഗതന്റെ ശ്രമഫലമായി മോട്ടോർതറ കല്ലു കെട്ടി സംരക്ഷിക്കുന്നതിനും പറക്കുഴി ഒരുക്കുന്നതിനും ഫണ്ട് ലഭ്യമാക്കി.

നരകജീവിതം

പാടശേഖരത്തോട് ചേർന്നുള്ള രാജീവ് ഗാന്ധി കോളനി, പണാമിടം ,വെൽഫെയർ കോളിനികളിലടക്കമുള്ള 200 ഓളം കുടുംബങ്ങളുടെ ജീവിതം മഴക്കാലത്ത് പാടശേഖരം മുങ്ങുന്നതോടെ ദുരിതത്തിലാകും. രണ്ടര സെന്റിലും മൂന്നു സെന്റിലുമൊക്കെയായി മൂന്നു കോളനികളിലും കുടി 85 ഓളം നിർദ്ധന കുടുംബങ്ങളാണുള്ളത്. മഴക്കാലമെത്തിയാൽ കോളനികൾ വെള്ളത്തിൽ മുങ്ങി മാലിന്യങ്ങൾ കെട്ടി നിൽക്കും. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും മാർഗമില്ലാതാകും. സർക്കാർ ധനസഹായത്തോടെ നിർമ്മിച്ചിട്ടുള്ള വീടുകളിലധികവും വെള്ളക്കെട്ടിൽ മാസങ്ങളോളം മുങ്ങി നിൽക്കുന്നതിനാൽ ഭിത്തിക്കുവിള്ളൽ വീഴുന്നതും ഇടിഞ്ഞുതാഴുന്നതും പതിവാണ്.

പുത്തൻതോടിന്റ ആഴം കൂട്ടി പാടശേഖരത്തിന്റെ പുറബണ്ട് ഉയർത്തി ബലപ്പെടുത്തി മംഗലത്ത് മുട്ടിൽ ചീപ്പും സ്ഥാപിച്ചാൽ വീണ്ടും കൃഷിിയിറക്കാനും കോളനി നിവാസികളടക്കമുള്ളവരുടെ ജീവിതദുരിതം മാറ്റാനുമാകും.

മനോജ് ലൂക്ക്, മംഗലത്തുകരികിഴക്കുപുറം പാടശേഖര സെക്രട്ടറി