രാമപുരം : പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി ഉപഭോക്താക്കൾക്ക് പണം വീടുകളിലെത്തിക്കാൻ തപാൽ വകുപ്പ് സൗകര്യമൊരുക്കും. ആധാർ നമ്പരുമായി ലിങ്ക്‌ചെയ്തിട്ടുള്ള ഏത് ബാങ്ക് അക്കൗണ്ടിൽ നിന്നും ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക് വഴി പോസ്റ്റ്മാൻ വീടുകളിലെത്തി പണം പിൻവലിച്ച് നൽകും. തൊഴിലുറപ്പ് വേതനം, കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വിവിധ ക്ഷേമപെൻഷനുകൾ എന്നിവയും വീടുകളിൽ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള തപാൽ ഓഫീസുമായി ബന്ധപ്പെടാം. കൊവിഡ് ഭീഷണിയും, മഴക്കെടുതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ വീട്ടിലിരുന്ന് സുരക്ഷിതമായി ബാങ്ക് അക്കൗണ്ടിലെ പണം പിൻവലിക്കാൻ കോട്ടയം ഡിവിഷനിലെ മുഴുവൻ പോസ്റ്റ് ഓഫീസുകളിലും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കോട്ടയം തപാൽ സീനിയർ സൂപ്രണ്ട് പറഞ്ഞു.