medicine

കോട്ടയം : ജീവൻരക്ഷാ - ജീവിത ശൈലീ രോഗങ്ങൾക്ക് വൻക്ഷാമം നേരിട്ടത്തതോടെ ഇ.എസ്.ഐ ഡിസ്‌പെൻസറികളിൽ പ്രതിസന്ധി രൂക്ഷം. വർഷങ്ങൾക്ക് മുൻപുള്ള രോഗികളുടെ പാറ്റേൺ അനുസരിച്ച് ഇപ്പോഴും മരുന്ന് നൽകേണ്ടി വരുന്നതാണ് ആശുപത്രി അധികൃതരെ ചുറ്റിക്കുന്നത്. മുട്ടമ്പലത്തെ ഡിസ്‌പെൻസറിയിൽ നിലവിൽ 19000 തൊഴിലാളികളാണ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എന്നാൽ ഇപ്പോഴും രണ്ടുവർഷം മുൻപുള്ള 15000 രോഗികളുടെ പട്ടികയിൽ തന്നെയാണ് മരുന്നുകൾ നൽകുന്നത്.

ആറു മാസത്തിന്റെ ഇടവേളയിൽ നേരത്തെ അവശ്യമരുന്നുകൾ എത്തിച്ച് നൽകിയിരുന്നതാണ്. ഒരു വർഷത്തേിലേറെയായി കൃത്യമായി മരുന്നുകൾ എത്തുന്നില്ല. പ്രമേഹവും, കൊളസ്ട്രോളും അടക്കമുള്ള ജീവിത ശൈലീ രോഗങ്ങൾക്കായി ഇ.എസ്.ഐ ഡിസ്‌പെൻസറികളെ ആശ്രയിക്കുന്നത് നിരവധിപ്പേരാണ്. പുറത്തെ മെഡിക്കൽ സ്റ്റോറുകളിലേയ്‌ക്ക് മരുന്ന് കുറിച്ചു നൽകുന്നുണ്ട്. ഇത് വാങ്ങിയ ശേഷം ബിൽ നൽകിയാൽ തുക തിരികെ ലഭിക്കും. എന്നാൽ പലർക്കും മെഡിക്കൽസ്റ്റോറുകളിൽ നിന്ന് മരുന്നുവാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ല. ഈ സാഹചര്യത്തിൽ ആശുപത്രിയിൽ എത്രയും വേഗം ജീവൻ രക്ഷാ മരുന്നുകൾ അടക്കം എത്തിക്കണമെന്നാണ് ആവശ്യം.