meera

കോട്ടയം : എഴുത്തുകാരി കെ.ആർ മീരയെ എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിന്റെ ബോർഡ് ഒഫ് സ്റ്റഡീസ് അംഗമാക്കിയത് ചട്ടങ്ങൾ മറികടന്നാണെന്ന ആരോപണത്തെ ചൊല്ലി സൈബർ പോര് മുറുകിയതോടെ ഫേസ് ബുക്ക് പോസ്റ്റിൽ രാജി അറിയിച്ച്‌ മീര രംഗത്തെത്തി. അക്കാഡമിക് വിദഗ്ദ്ധരാകണം ബോർഡ് ഒഫ് സ്റ്റഡീസിലെ അംഗങ്ങളെന്നത് ലംഘിച്ചും ലെറ്റേഴ്‌സിലെ വിദഗ്ദ്ധ സമിതി നൽകിയ പേരുവെട്ടി സി.പി.എം സഹയാത്രികയായ മീരയെ ഉൾപ്പെടുത്തിയെന്നുമായിരുന്നു ആരോപണം. മലയാളം - ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിഭാഗങ്ങൾ ചേർന്നതാണ് സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ്.

രണ്ട് വിഷയങ്ങളിലെയും സിലബസ് പരിഷ്‌കരിക്കുക, പരിഷ്‌കരിച്ച സിലബസ് അംഗീകരിക്കുക എന്നതാണ് ഇവരുടെ ചുമതല. ആദ്യം ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ദ്ധസമിതിയാണ് ആരൊക്കെ ബോർഡ് ഒഫ് സ്റ്റഡീസീൽ അംഗങ്ങളാകണം എന്ന ശുപാർശ വൈസ് ചാൻസിലർക്ക് നൽകുന്നത്. എന്നാൽ സ്‌കൂൾ ഒഫ് ലെറ്റേഴ്‌സിൽ നിന്ന് നൽകിയ ശുപാർശയിൽ മീരയില്ല. ശുപാർശ ചെയ്യാത്തയാൾ അംഗമായതിൽ ലെറ്റേഴ്‌സിലെ അദ്ധ്യാപകർക്ക് അതൃപ്തിയുണ്ടായിരുന്നു. വൈസ്ചാൻസിലറുടെ ശുപാർശ പ്രകാരം ഗവർണറാണ് ചെയർപേഴ്‌സന്റെയും അംഗങ്ങളുടേയും നിയമനം നടത്തുന്നത്.

മീരയുടെ ഫേസ് ബുക്ക് പോസ്റ്റിൽ നിന്ന്

'എഴുതി ജീവിക്കാൻ തീരുമാനിച്ച കാലം മുതൽ സംസ്ഥാന സർക്കാരിന്റേയോ കേന്ദ്ര സർക്കാരിന്റേയോ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കുകയില്ലെന്ന് തീരുമാനിച്ചിട്ടുള്ളതാണ്. എഴുത്തിന്റെ മാനസികസംഘർഷം മൂലം ബോർഡ് ഒഫ് സ്റ്റഡീസ് എന്റെ ഓർമ്മയുടെ ഏഴലയത്തുപോലും ഉണ്ടായിരുന്നില്ല. അംഗമാകാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ഷണമുണ്ടായിരുന്നുവെങ്കിലും പിന്നീട് ഇത് സംബന്ധിച്ച്‌ അറിയിപ്പോ കത്തോ ഇ-മെയിലോ ഒന്നും ലഭിച്ചിട്ടില്ല. ഇതിന്റെ പേരിൽ ഒരു പൈസ കൈപ്പറ്റിയിട്ടുമില്ല. കോട്ടയത്ത് ഒരു ചടങ്ങിൽ വൈസ് ചാൻസിലർ ഡോ.സാബു തോമസിനൊപ്പം നേരത്തേ പങ്കെടുത്തിരുന്നു. അന്ന് ഇക്കാര്യം ചോദിച്ചിരുന്നു. ഞാനായിട്ട് അപേക്ഷിച്ചിട്ടില്ലെങ്കിലും എനിക്കു ചാർത്തിത്തന്നതും ഇതുവരെ എനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലാത്തതുമായ നിയമനത്തിൽ നിന്ന് രാജി വയ്ക്കുന്നതായി വൈസ് ചാൻസിലർക്ക് ഇ-മെയിൽ അയച്ചു. പുതിയ നോവൽ രചനയുടെ തിരക്ക് മൂലം വിവാദങ്ങൾക്ക് സമയമില്ലാത്തതിനാൽ ഇതേ ചൊല്ലി ഇനിയൊരു പ്രതികരണമുണ്ടാകില്ല.