കോട്ടയം : ജില്ലയിൽ കൊവിഡ് നിർണയത്തിന് ഏറ്റവും അധികം സ്രവപരിശോധനകൾ നടത്തുന്ന സെന്ററായ കോട്ടയം ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. മൂന്ന് ലക്ഷം രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്താണ് ആശുപത്രിയിൽ പ്രവർത്തിച്ചു വരുന്ന പാലിയേറ്റീവ് സെന്ററിൽ അനുബന്ധ സൗകര്യങ്ങളും പുനരുദ്ധാരണ പ്രവർത്തനങ്ങളും നടത്തി സ്രവ പരിശോധന കിയോസ്ക് സ്ഥാപിച്ചത്. ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷിതമായ കാബിൻ സൗകര്യങ്ങളും, പരിശോധനയ്ക്ക് എത്തുന്നവർക്ക് വിശ്രമസൗകര്യവും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഡോ. ശോഭാ സലിമോൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, മുനിസിപ്പൽ കൗൺസിലർ സാബു പുളിമൂട്ടിൽ, ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദുകുമാരി, ഡോ. വ്യാസ് സുകുമാരൻ, അജിൻ ലാൽ, ഡോ. സാറാമ്മ വർഗ്ഗീസ്, ഡോ. ആശ പി.നായർ എന്നിവർ സംബന്ധിച്ചു.