kr-meera

കോട്ടയം: എം.ജി സർവകലാശാല സ്കൂൾഓഫ് ലെറ്റേഴ്സ് ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിൽ നിന്നു രാജി വച്ചതായി എഴുത്തുകാരി കെ.ആർ. മീര ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.വൈസ് ചാൻസലർ ഡോ.സാബു തോമസിന് ഇമെയിൽ അയച്ചു .ഈ വർഷം അവസാനത്തോടെ പ്രസിദ്ധീകരിക്കുന്ന 'കമ്യൂണിസ്റ്റ് അമ്മൂമ്മ' എന്ന നോവലിന്റെ രചനയുടെ തിരക്കുകൾ മൂലം വിവാദങ്ങൾക്ക് സമയമില്ലാത്തതിനാൽ, ഇനിയൊരു പ്രതികരണമില്ലെന്നും ഫെയ്സ്ബുക്കിൽ കുറിച്ചു.

മതിയായ അക്കാഡമിക് യോഗ്യതയില്ലാത്ത കെ.ആർ.മീരയെ എംജി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ ബോർഡ് ഓഫ് സ്റ്റഡീസ് അംഗമാക്കിയത് സർവ്വകലാശാലാ ചട്ടങ്ങൾ മറികടന്നാണെന്ന് ആരോപണമുയർന്നിരുന്നു. സ്കൂൾ ഓഫ് ലെറ്റേഴ്സിലെ വിദഗ്ദ്ധ സമിതി നൽകിയ പേരുകൾ വെട്ടിയാണ് മീരയെ അംഗമാക്കിയതെന്നും ആരോപിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മീര രംഗത്തെത്തിയത് എഴുതി ജീവിക്കാൻ തീരുമാനിച്ച നാൾ മുതൽ സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ രാഷ്ട്രീയ നിയമനങ്ങൾ സ്വീകരിക്കില്ലെന്നാണ് തന്റെ തീരുമാനമെന്നും,ബോർഡ് ഓഫ് സ്റ്റഡീസ് അംഗത്വത്തിന് രാഷ്ട്രീയ മാനം കൽപ്പിച്ചില്ലെന്നതാണ് തനിക്ക് സംഭവിച്ച അബദ്ധമെന്നും അവർ വ്യക്തമാക്കി.