പരിശോധനയിൽ 125 സ്ഥലങ്ങളില്‍ പുറമ്പോക്ക് കൈയേറ്റം

ചങ്ങനാശേരി: ചങ്ങനാശേരി-കവിയൂർ റോഡ് വികസനവുമായി ബന്ധപ്പെട്ട് റവന്യു, പൊതുമരാമത്തു വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 125 സ്ഥലങ്ങളിൽ പുറമ്പോക്കു കൈയേറ്റം കണ്ടെത്തി. ചങ്ങനാശേരി നഗരസഭാ, പായിപ്പാട്, തൃക്കൊടിത്താനം പഞ്ചായത്ത് പരിധിയിലുമാണ് വ്യാപകമായി കൈയേറ്റങ്ങൾ കണ്ടെത്തിയിരിക്കുന്നത്. അതേസമയം കൈയേറ്റം നടത്തിയവരെ നോട്ടീസ് നൽകി ഒഴിപ്പിക്കാനുള്ള നടപടികളും ആരംഭിച്ചു. ഉദയഗിരി ജംഗ്ഷൻ മുതൽ പെരുന്ന രാജേശ്വരി ജംഗ്ഷൻ വരെ രണ്ടിടങ്ങളിലാണ് കൈയേറ്റങ്ങളുള്ളത്. ഈ ഭാഗത്ത് റോഡിന് വീതിയില്ലാത്തത് റോഡ് വികസനം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. കരാറുകാരൻ 79 കോടി രൂപയ്ക്കാണ് നിർമ്മാണജോലികൾ ഏറ്റെടുത്തരിക്കുന്നത്. കിഫ്ബിയുടെ ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. ടാറിംഗിന് ഏഴു മീറ്റർ വീതിയുണ്ടാകണമെന്നാണ് കിഫ്ബിയുടെ നിർദേശം.വിവിധ സ്ഥലങ്ങളിൽ 12 മീറ്റർ വരെ വീതിയുണ്ടെങ്കിലും പൂച്ചമുക്ക് മുതൽ രാജേശ്വരി ജംഗ്ഷൻ വരെ ആറു മീറ്റർ വീതി പോലും ടാറിംഗിന് ലഭിക്കില്ലെന്നാണ് പൊതുമരാമത്തു വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. റോഡ് വികസന പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലിന് അനുമതിയുണ്ടായിരുന്നില്ല. റോഡിന് വീതി വർദ്ധിപ്പിക്കണമെന്ന് വിവിധ സംഘടനകൾ ആവശ്യം ഉയർത്തിയതോടെ നിർമ്മാണ ജോലികൾ തടസപ്പെടുകയായിരുന്നു. ചിലർ സൗജന്യമായി സ്ഥലം വിട്ടുനൽകാനും തയാറായതായി അധികൃതർ വ്യക്തമാക്കി.

നിർമ്മിച്ചു നൽകും

റോഡ് വികസനത്തിന് കൂടുതൽ ആളുകൾ സൗജന്യമായി സ്ഥലം വിട്ടുനൽകുമെന്ന പ്രതീക്ഷയിലാണ് അധികാരികൾ. സ്ഥലം വിട്ടുനൽകുന്നവർക്ക് സംരക്ഷണ ഭിത്തി നിർമ്മിച്ചു നൽകുമെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതർ പറഞ്ഞു.