പാലാ: ഡോ.പൽപ്പുവിന്റെ കൊച്ചുമകളോടും കുടുംബത്തോടും രാഷ്ട്രീയക്കാർക്ക് എന്താണിത്ര അയിത്തം? കുടുംബാംഗങ്ങളോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ പാലാ ബൈപ്പാസിനായി ഹൈവേയോടു ചേർന്നുള്ള വീടും സ്ഥലവും ചുളുവില നൽകി ഏറ്റെടുക്കുമെന്ന് പ്രഖ്യാപിക്കാൻ ജനപ്രതിനിധികൾക്ക് എന്തവകാശം? ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയ്ക്ക് സമീപത്ത് നിന്നാരംഭിക്കുന്ന പാലാ ബൈപ്പാസിന്റെ അരുണാപുരം മരിയൻ ജംഗ്ഷനിലെ ഗീതാഞ്ജലി എന്ന വീട്ടിലിരുന്ന് ഡോ.പൽപ്പുവിന്റെ കൊച്ചുമകൾ ശർമ്മിളയും ഭർത്താവ് പ്രതാപും ചോദിക്കുകയാണ്.പാലാ ബൈപ്പാസ് ഭംഗിയായി പൂർത്തീകരിക്കണമെങ്കിൽ ഇവരുടെ സ്ഥലത്തിന്റെ ഒരു ഭാഗം ഏറ്റെടുത്തേ പറ്റൂ. റോഡ് വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാൻ ശർമ്മിളയും കുടുംബവും തയാറുമാണ്.
'എന്നാൽ നഗരത്തിലെ ഉൾപ്രദേശത്തുള്ള സ്ഥലവിലയുടെ മൂന്നിലൊന്നു പോലും തരാതെ സ്ഥലം വിട്ടുകൊടുക്കണമെന്നാണ് ചിലരുടെ ആവശ്യം. അതിനു ഞങ്ങൾ വഴിപ്പെടാതെ വന്നതോടെ ബൈപ്പാസിന്റെ പ്ലാൻ മാറ്റി, ഞങ്ങളുടെ വീടിനു നടുവിലൂടെയാക്കാൻ ശ്രമം നടന്നു.അന്നത്തെ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ ഉൾപ്പെടെയുള്ളവർക്ക് കാര്യം മനസിലായതോടെ തൽക്കാലം ഈ കളി അവസാനിച്ചു. കഴിഞ്ഞ ദിവസം ഇതാ ഒരു ജനപ്രതിനിധിയുടെ അറിയിപ്പു കണ്ടു, 65 ലക്ഷം രൂപ തന്ന് ഞങ്ങളുടെ വീടും സ്ഥലവും ഏറ്റെടുക്കാൻ പോവുകയാണെന്ന്. 2015ൽ 1 കോടി 5 ലക്ഷവും 2016ൽ 1 കോടി 56 ലക്ഷവും വിലയിട്ട റവന്യൂ അധികൃതർ 2020ൽ കേവലം 65 ലക്ഷം രൂപയാണ് വിലയിട്ടിട്ടുള്ളത് എന്നത് ശരിയാണെങ്കിൽ ഇതിലും വലിയ പരിഹാസമുണ്ടോ...?' ശർമ്മിളയുടെ ഭർത്താവ് പ്രതാപ് ചോദിക്കുന്നു.
2012ൽ ബൈപ്പാസിന്റെ പണികൾ ആരംഭിച്ചത് മുതൽ അധികാരികൾ ഡോ.പൽപ്പൂവിന്റെ കൊച്ചുമകളെയും കുടുംബത്തേയും വേട്ടയാടാൻ തുടങ്ങിയതാണ്. അന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഓഫീസ് തുടങ്ങാൻ സ്ഥലവും വീടും നിസാര വിലയ്ക്ക് ആവശ്യപ്പെട്ട് ചിലർ സമീപിച്ചിരുന്നു. കൊടുക്കില്ലെന്ന് കട്ടായം പറഞ്ഞതോടെ ഭീഷണിയായി. തുടർന്നാണ് ബൈപ്പാസിന്റെ റൂട്ട് തന്റെ വീടിന്റെ ഒത്ത നടുവിലൂടെ ആക്കിയതെന്ന് പ്രതാപ് പറയുന്നു.പ്രതാപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വില നിശ്ചയിച്ച് ഉചിതമായ തുക കുടുംബത്തിന് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടതോടെ ഒരു വിഭാഗം റവന്യൂ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഒരു ജനപ്രതിനിധി ചില രേഖകൾ സൃഷ്ടിച്ചൂവെന്നും ഇതിനെതിരെ റവന്യൂ മന്ത്രിക്കു നൽകിയ പരാതിയിൽ വിജിലൻസ് അന്വേഷണം നടക്കുകയാണെന്നും പ്രതാപ് ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെയാണ് ബൈപ്പാസ് പണി ഉടൻ തുടങ്ങുമെന്നും തന്റെ വീടും സ്ഥലവും ഏറ്റെടുക്കുന്നതിനു 65 ലക്ഷം രൂപാ നൽകാൻ സർക്കാർ ഉത്തരവായതായും മാണി.സി.കാപ്പൻ എം.എൽ.എ പത്രസമ്മേളനത്തിൽ അറിയിച്ചത് ശ്രദ്ധയിൽപ്പെട്ടത്.ഇതു സംബന്ധിച്ച് അറിയിപ്പൊന്നും തങ്ങൾക്ക് കിട്ടിയിട്ടില്ലെന്നും നഷ്ടപരിഹാരമായി 65 ലക്ഷം രൂപ നൽകുന്ന കാര്യത്തെപ്പറ്റി ആരുമായും ചർച്ച നടത്തിയിട്ടില്ലെന്നും ശർമ്മിളയും പ്രതാപും പറയുന്നു. ഡോ. പൽപ്പുവിന്റെ മകൾ ദാക്ഷായണിയുടെ മകൻ രവീന്ദ്രനാഥിന്റെ മകളാണ് ശർമ്മിള. ഉചിതമായ തുക കിട്ടിയാൽ വീടും സ്ഥലവും വിട്ടുകൊടുക്കാൻ തയാറാണെന്നും ശർമ്മിള വ്യക്തമാക്കുന്നു. 24 സെന്റ് സ്ഥലവും വീടുമാണ് ഇവിടെ കുടുംബത്തിനുള്ളത്.
ഇതു സംബന്ധിച്ച് മാണി. സി. കാപ്പൻ എം. എൽ. എ യുടെ വിശദീകരണം :
നേരത്തേ തന്നെ സ്ഥലം ഉടമയ്ക്ക് ഒരു കോടി 32 ലക്ഷം രൂപാ നൽകാൻ ധാരണയായിരുന്നു. അതിനു പുറമെയാണ് 65 ലക്ഷം രൂപ കൂടി നൽകുന്നത്. ഈ തുകയിന്മേൽ വീടും സ്ഥലവും വിട്ടുതരാൻ കോട്ടയം കള്ര്രകറ്റേറിൽ വെച്ച് സ്ഥലം ഉടമയുമായി ധാരണ ഉണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ പുതിയ തുക കൂടി നൽകാൻ നിശ്ചയിച്ചതും ഉത്തരവായതും.തുക കുറവാണെങ്കിൽ സ്ഥലം ഉടമയ്ക്ക് കോടതിയെ സമീപിക്കാം.പക്ഷേ സ്ഥലമെടുപ്പിൽ നിന്ന് പിന്നാക്കം പോകുന്ന പ്രശ്‌നമില്ല. സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഉടമകൾക്ക് നോട്ടീസ് നൽകും. ബൈപ്പാസ് ഉടൻ പൂർത്തീകരിക്കും.