പൊൻകുന്നം: സർക്കാർ പുറമ്പോക്ക് കൈയേറി അനധികൃത കെട്ടിട നിർമ്മാണം നടത്തിയ ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ രാജിവയ്ക്കണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.13ാം വാർഡിലെ കൈലാത്ത് കവലയിൽ പ്രസിഡന്റിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിനോട് ചേർന്ന് പുറമ്പോക്ക് കൈയേറി കെട്ടിട നിർമ്മാണം നടത്തിയെന്നാണ് ആരോപണം. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി നിർത്തിവയ്ക്കണമെന്ന സെക്രട്ടറിയുടെ സ്റ്റോപ്പ്‌മെമ്മോ പ്രസിഡന്റിന് ലഭിച്ചിരുന്നു. തുടർന്ന് നിർമ്മാണങ്ങൾ 15 ദിവസത്തിനകം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി കത്തും നൽകിയിരുന്നു. എന്നാൽ 18 മാസം കഴിഞ്ഞിട്ടും അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുമാറ്റിയിട്ടില്ലെന്ന് ബി.ിജെ.പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.പദവി ദുരുപയോഗം ചെയ്ത് സർക്കാർ ഭൂമി കൈയേറി നിർമ്മാണം നടത്തിയ ജയാശ്രീധർ പഞ്ചായത്ത് രാജ് ചട്ടം പരസ്യമായി ലംഘിച്ചതായും ബി.ജെ.പി ആരോപിക്കുന്നു. വിഷയത്തിൽ സി.പി.എം നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി പാർലമെന്റി പാർട്ടി നേതാവ് കെ.ജി. കണ്ണൻ, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജി. ഹരിലാൽ, ജനറൽ സെക്രട്ടറി രാജേഷ് കർത്ത, പഞ്ചായത്തംഗങ്ങളായ ഉഷാ ശ്രീകുമാർ, രാജി വി.ജി. എന്നിവരും ആവശ്യപ്പെട്ടു.