പാലാ: രാമപുരം, കടനാട്, മേലുകാവ്, കരൂർ, മൂന്നിലവ്, തലനാട്, തലപ്പലം തുടങ്ങിയ മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ രാമപുരം കേന്ദ്രമാക്കി കുടിവെള്ള പദ്ധതിക്കുള്ള നടപടികൾ ആരംഭിച്ചു.മാണി.സി കാപ്പൻ എം.എൽ.എ മുൻകൈയെടുത്താണ് പദ്ധതി ആരംഭിക്കുന്നത്. ജലവിഭവ മന്ത്രി കെ കൃഷ്ണൻകുട്ടിയുമായി എം.എൽ.എ നടത്തിയ ചർച്ചയെത്തുടർന്നാണ് പദ്ധതിക്ക് അന്തിമരൂപം നൽകിയത്. മുൻമന്ത്രി എൻ.എം ജോസഫ് വിഭാവനം ചെയ്ത നീലൂർ കുടിവെള്ളപദ്ധതി പരിഷ്‌ക്കരിച്ചു നടപ്പാക്കുന്നതാണ് രാമപുരം കുടിവെള്ളപദ്ധതി. മലങ്കരഡാമിൽ നിന്നും വെള്ളം എത്തിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മലങ്കര ഡാമിലെ വെള്ളം മുട്ടം പഞ്ചായത്തിലെ വള്ളിപ്പാറ ബൂസ്റ്റിംഗ് സ്റ്റേഷനിൽ എത്തിക്കും. തുടർന്ന് നീലൂരിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിൽ എത്തിച്ച ശേഷമാണ് വിതരണത്തിന് എത്തിക്കുന്നത്. കടനാട് പഞ്ചായത്തിലെ കാവുംകണ്ടം, രാമപുരം പഞ്ചായത്തിലെ പിഴക്, അമനകര പ്രദേശങ്ങളിലെ സംഭരണികൾ വഴി വെള്ളം വിതരണം ചെയ്യും. മേലുകാവ് കുരിശുങ്കൽ ജംഗ്ഷനിലുള്ള ഭൂതല സംഭരണിയിൽ നിന്നും മറ്റു കേന്ദ്രങ്ങളിലേയ്ക്കും വിതരണത്തിന് വെള്ളം എത്തിക്കും.