പാലാ: വർഷകാലത്ത് മീനച്ചിൽ താലൂക്കിലെ നാശനഷ്ടങ്ങൾ ഒഴിവാക്കാൻ മീനച്ചിലാറിന്റേയും കൈവഴിത്തോടുകളുടേയും ആഴം ഉടൻ കൂട്ടണമെന്ന് ജോസ് കെ.മാണി എം.പി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജലവിഭവ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്. ഇതിനായി വിശദമായ ഒരു മാസ്റ്റർ പ്ലാൻ തയാറാക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
മുൻ കാലഘട്ടങ്ങളിലേക്കാളും ഒരു മീറ്ററിലധികം വെള്ളം പാലാ നഗരപ്രദേശത്ത് ഉയർന്നു. കരയിലേക്ക് പ്രവഹിച്ച വെള്ളം ഒഴുകിപോകുന്നതിനും തടസം നേരിട്ടു. ഉരുൾപ്പൊട്ടലുകൾ കുറഞ്ഞിരുന്നിട്ടും മലവെള്ളം വൻനാശനഷ്ടം വിതച്ചു. മീനച്ചിലാറ്റിലേയും, തോടുകളിലേയും, കൈവഴികളിലേയും അടിഞ്ഞുകൂടിയ മണലും ചെളിയും നദിയുടെ ജലസംഭരണശേഷി കുറച്ചതുകാരണമാണ് കരയിലേക്ക് വലിയതോതിൽ പ്രളയജലം ഇരച്ചുകയറിയതും ഇറങ്ങിപ്പോകാൻ വൈകിയതുമെന്ന് ജോസ്.കെ. മാണി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസനിധി, ക്ഷേമനിധിവിഹിതം, റിവർ മാനേജേമെന്റ് ഫണ്ട് എന്നീ പദ്ധതികളിൽ നിന്നും വ്യാപാരികൾക്ക് സഹായം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു. മീനച്ചിലാറിന്റെ ഉത്ഭവസ്ഥാനത്ത് വാഗമൺ വഴിക്കടവിലെ മിനിഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കം ചെയ്ത് ഇടുക്കി റിസർവോയറിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കണം. ഇതുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി ഉടൻ ചർച്ച നടത്തുമെന്നും ജോസ് കെ.മാണി പറഞ്ഞു.