boady-parts

കോട്ടയം മെഡിക്കൽ കോളേജിൽ ഏഴാമത് ഹൃദയമാറ്റിവയ്‌ക്കൽ ശസ്ത്രക്രിയ

കോട്ടയം : സച്ചുവിന്റെ ഹൃദയം ഇനിയും മിടിയ്‌ക്കും, ഒരു നാടിന്റെ മുഴുവൻ സാന്ത്വനവുമായി. ആറുപേർക്ക് പുതു ജീവനേകിയാണ് ളാക്കാട്ടൂർ മുളകുന്നത്ത് എം.ഡി സജിയുടെ മകൻ സച്ചു സജി (22) വിടവാങ്ങിയത്. ബൈക്കപകടത്തിൽ ഗുരുതരമായ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. തുടർന്ന് ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ തുടങ്ങിയവ ദാനം ചെയ്യാൻ ബന്ധുക്കൾ തീരുമാനിക്കുകയായിരുന്നു.
ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, കരൾ കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനും, 2 കണ്ണുകൾ മെഡിക്കൽ കോളേജിലെ ഐ ബാങ്കിനുമാണ് നൽകിയത്. സച്ചുവിന്റെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെ പിതാവ് സജിയുടെ സുഹൃത്തുക്കളായ അനിൽ കൂരോപ്പടയും, മനോജ് പി.നായരും, ഉണ്ണി വെള്ളറങ്ങാട്ടുമാണ് അവയവദാനത്തിന്റെ കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. അഞ്ച് മണിക്കൂറിലധികം നീണ്ടുനിന്ന ശസ്ത്രക്രിയകൾക്ക് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാർ, ഡോക്ടർമാരായ സുരേഷ് ഭട്ട്, മാത്യു, ജയകുമാർ, ശാന്തി, മഞ്ജുഷ, തോമസ്, സേതുമാധവ് എന്നിവരും, ക്രമീകരണങ്ങൾക്ക് മൃതസഞ്ജീവനി സെൻട്രൽ സോൺ കോ-ഓർഡിനേറ്റർ ജിമ്മി ജോർജും നേതൃത്വം നൽകി.

ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നടന്നത്. 52-ാമത്തെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയും. സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന സച്ചു ആഗസ്റ്റ് അഞ്ചിന് സുഹൃത്ത് ളാക്കാട്ടൂർ സ്വദേശി ജോയലുമായി ബൈക്കിൽ സഞ്ചരിക്കുമ്പോൾ മോസ്കോ കവലയ്ക്ക് സമീപം നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം. ഐ.എൻ.ടി.യു.സി തൊഴിലാളി യൂണിയൻ പ്രവർത്തകനായ സജിയും (വിനോദ്) കുടുംബവും ളാക്കാട്ടൂർ തോട്ടപ്പള്ളിയിലെ അഞ്ച് സെന്റ് സ്ഥലത്തെ ചെറിയ വീട്ടിലാണ് കഴിയുന്നത്. സച്ചുവിന്റെ സംസ്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ നടക്കും.