കൂടുതൽ പണം ചെലവഴിച്ച് കെ.എസ്.ടി .പി നിലവാരത്തിൽ നിർമിച്ച റോഡുകൾ ഒറ്റ മഴയിൽ തകരുന്നതും അപകടങ്ങൾ വർദ്ധിക്കുന്നതും കണ്ട് രോഷം കൊള്ളുകയാണ് ചുറ്റുവട്ടത്തുള്ളവർ.
തിരുവനന്തപുരം മുതൽ പെരുമ്പാവൂർ വരെയുള്ള എം.സി.റോഡ് കോടികൾ ചെലവഴിച്ചാണ് പുനർ നിർമിച്ചത്. സാധാരണ റോഡിന് ചെലവാകുന്നതിന്റെ നാലിരട്ടി തുകയാണ് കെ.എസ്.ടി പി നിലവാര റോഡുകൾക്കുള്ളത്. വെള്ളം ഇറങ്ങിയതോടെ സാധാ റോഡിലും കഷ്ടമാണെന്ന് പറയുകയാണ് അനുഭവസ്ഥരായ നാട്ടുകാർ. ആലപ്പുഴ ചങ്ങനാശേരി എ.സി റോഡും ഉന്നത ഗുണനിലവാരത്തിൽ നിർമിച്ചതെന്നാണ് അവകാശവാദം. അതിനുള്ള പണവും കരാറുകാർ വാങ്ങി. കോട്ടയം കുമരകം റോഡിന്റെ അവസ്ഥയും ഇതു തന്നെ .നവീകരണമെന്ന പേരിൽ കോടികൾ ചെലവഴിച്ചു .ഒരു മഴ കഴിഞ്ഞതോടെ റോഡ് പൊട്ടിപ്പൊളിഞ്ഞു കുഴികൾ നികത്തണമെങ്കിൽ ഇനിയും കോടികൾ മുടക്കേണ്ട അവസ്ഥയിലാണ്.
ശരിയായ അനുപാതത്തിൽ കോൺക്രീറ്റിംഗും അതിനു മുകളിൽ ടാറിംഗും നടത്തിയാണ് കെ.എസ്.ടി.പി റോഡുകൾ പൊതു മരാമത്തു വകുപ്പിന് കൈമാറുന്നത്. എം.സി റോഡ്
വളവുകൾ നിവർത്തി അപകടം കുറയ്ക്കുന്നതരത്തിൽ നിർമിച്ചുവെന്നാണ് ബന്ധപ്പെട്ടവരുടെ അവകാശ വാദം. റോഡ് നിർമാണത്തിന്റെ അപാകത കാരണം ഒരു ദിവസം കുറഞ്ഞത് ഒരു അപകടമെങ്കിലും നടന്നിരിക്കും. നിരവധി ജീവനുകളാണ് ഇതിനകം നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം ഏറ്റുമാനൂരിന് സമീപം ബൈക്ക് റോഡിൽ തെന്നി മറിഞ്ഞ് യുവാവ് മരിച്ചത് എം.സി.റോഡിലെ വെള്ളക്കെട്ടുകാരണമായിരുന്നു.ഒരു സ്വകാര്യ ആശുപത്രിയുടെ മുന്നിൽ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ കലിങ്കും ഓടയും അടച്ച് മറ്റൊരു സ്ഥലത്ത് കലുങ്ക് നിർമിച്ചതായിരുന്നു വെള്ളക്കെട്ടിനും അതുവഴിയുണ്ടായ അപകടത്തിനും കാരണം. കൈമടക്കു വാങ്ങി സ്വകാര്യ ആശുപത്രിയുടെ മുൻ വശം ക്ലിയറാക്കി കൊടുത്ത ഉദ്യോഗസ്ഥർ സ്ഥലം വിട്ടിട്ട് നാളുകൾ ഏറെയായി. ഇതേക്കുറിച്ച് കളക്ടർ റിപ്പോർട്ട് ആവശ്യപ്പെട്ടപ്പോൾ അന്വേഷിച്ച പി.ഡബ്ലു.ഡി ഉദ്യോഗസ്ഥ അപകടത്തിന്റെ പാപഭാരം ഒഴിവാക്കി ജീവനക്കാരെ രക്ഷിക്കുന്ന അഴകൊഴമ്പൻ റിപ്പോർട്ടായിരുന്നു നൽകിയത് . ഇത് തള്ളി കളക്ടർ വീണ്ടും റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെങ്കിൽ സ്വകാര്യ ആശുപത്രിക്കു മുന്നിലെ അടച്ച കലുങ്കും ഓടയും ഇനി തുറക്കണം. ഇതിനി നടക്കുമോ എന്ന് കണ്ടറിയണം.
എം.സി റോഡിന്റെ പലഭാഗങ്ങളിലും ഇങ്ങനെ സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുവേണ്ടി വളഞ്ഞു കൊടുത്തതാണ് എം.സി റോഡിലെ വളവുകൾ പട്ടിയുടെ വാലു പോലെ ഇന്നും നിവരാത്തതിന് കാരണം. ഇതിന് ഉത്തരവാദിയായ ഒരു ഉദ്യോഗസ്ഥനെതിരെയെങ്കിലും നടപടി എടുത്തതായ് അറിയില്ല. ടാറിംഗിലെ അപാകത കാരണം റൺവേ പോലെ റോഡ് പല സ്ഥങ്ങളിലും മിനുസമാണ് . റോഡിൽ വെള്ളമുണ്ടെങ്കിലും ഇല്ലെങ്കിലും വാഹനങ്ങൾ നിയന്ത്രണം വിട്ടു പാളും. അമിത വേഗത്തിൽ യുവാക്കൾ ഓടിക്കുന്ന ഇരു ചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് സ്ഥിരം അപകടം ഉണ്ടാകുന്നത് ടാറിംഗിലെ അപകതയെന്ന് കണ്ടെത്തിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. റോഡ് പി.ഡബ്യു.ഡിക്ക് കൈമാറി കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന നിലപാടിലാണ് കെ.എസ്.ടി.പി അധികൃതർ. ഇതിന് മാറ്റം വരണം .
നിർമാണത്തിലെ അപാകത കാരണം സ്ഥിരം അപകടം ഉണ്ടാക്കുന്ന റോഡുകളുടെ ചുമതലക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നിയമ നടപടി ഉണ്ടാവണം. റോഡിൽ പൊലിയുന്ന ജീവനുള്ള നഷ്ടപരിഹാരം ഈ ഉദ്യോഗസ്ഥരുടെ വൻ സമ്പാദ്യത്തിൽ നിന്ന് മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. .