obit-amalaa-

കോട്ടയം: മരണശേഷം കൊവിഡ് സ്ഥിരീകരിച്ച യുവാവിന് മാതൃകാപരമായ അന്ത്യയാത്ര. കൊവിഡ് ഭീതി മാറ്റി വച്ച് സംസ്‌കാരത്തിന് നാട്ടുകാർ ഒന്നിച്ചു. കഴിഞ്ഞദിവസം വീടിനുള്ളിൽ തൂങ്ങി മരിച്ച അയ്മനം കുടയംപടി ചിറ്റക്കാട്ട് കോളനിയിൽ അമലിനെയാണ് (21) കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വീടിന്റെ പരിസരത്തു തന്നെ സംസ‌്‌കരിച്ചത്.

മരണശേഷം നടത്തിയ പരിശോധനയിലാണ് അമലിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി. വീടിനോടു ചേർന്നു സ്ഥലമുള്ളതിനാൽ അവിടെ തന്നെ മൃതദേഹം സംസ്‌കരിക്കുന്നതിനായിരുന്നു പദ്ധതി. എന്നാൽ നാട്ടുകാർ എങ്ങിനെ പ്രതികരിക്കുമെന്ന് എല്ലാവരും ശങ്കിച്ചു. ഇതേത്തുടർന്ന് അഭയം ജില്ലാ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയുമായ വി.എൻ വാസവന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകരും പഞ്ചായത്ത് അധികൃതരും പ്രദേശത്തെ വീടുകൾ കയറി ആളുകളെ ബോധവത്കരിച്ചു. ഏറ്റുമാനൂർ ഏരിയയിലെ പ്രവർത്തകരായ കെ.എൻ വേണുഗോപാൽ, സലി, ഷാജി മോൻ, അയ്മനം പഞ്ചായത്ത് പ്രസിഡന്റ് ആലിച്ചൻ, വൈസ് പ്രസിഡന്റ് സാലി ജയചന്ദ്രൻ, വാർഡ് മെമ്പർ ഉല്ലാസ്, പാർട്ടി ലോക്കൽ സെക്രട്ടറി പ്രമോദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ഇതോടെയാണ് നാട്ടുകാരുടെ അശങ്കകൾ അകന്നത്. തുടർന്നാണ് മൃതദേഹം ചിറ്റക്കാട്ട് കോളനിയിൽ തന്നെ സംസ്‌കരിച്ചത്. അഭയത്തിന്റെ സംസ്‌കാര യൂണിറ്റും, സന്നദ്ധ പ്രവർത്തകരും കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് സംസ്‌കാര ചടങ്ങുകൾ നടത്തി.